നിയമവുമില്ല തുണക്ക്; ഗർഭം അലസിപ്പിക്കാനാവാതെ ബലാൽസംഗത്തിനിരായ പെൺകുട്ടി
text_fieldsബറേലി: തന്നെ തുറിച്ചുനോക്കുന്ന യാഥാർഥ്യത്തെ എങ്ങനെ നേരിടുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ആ പിതാവ്.
14 വയസ് മാത്രം പ്രായമുള്ള മകൾ ബലാൽസംഗത്തെ തുടർന്ന് ഗർഭിണിയാണെന്ന് അറിഞ്ഞാണ് അയാൾ മെയ് 26ന് ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്. അകലെയുള്ള കെട്ടിട നിർമാണ ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി മകളെ നശിപ്പിച്ചവനെതിരെ പരാതി നൽകാൻ മുതിർന്നപ്പോൾ തന്നെ സമുദായാംഗങ്ങൾ അയാളെ പിന്തിരിപ്പിച്ചു. കുറ്റവാളിയെക്കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചാൽ മതി കേസിനൊന്നും പോകണ്ട എന്നായിരുന്നു ഗ്രാമവാസികളുടെ ഉപദേശം. എന്നാൽ നിയമത്തിൽ വിശ്വസമർപ്പിച്ച പിതാവ് കേസുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു.
തുടർന്ന് നടന്ന വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതി ഇരുമ്പഴിക്കുള്ളിലുമായി. എന്നാൽ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പെൺകുട്ടിയുടെ പ്രായം 18 ആയിരുന്നു. പിതാവിന്‍റെ വാക്കുകളോ സ്കൂൾ രേഖകളോ കണക്കിലെടുക്കാതെയാണ് പൊലീസ് എഫ്.ഐ.ആർ സമർപ്പിച്ചത്.
കേസ് നൽകുമ്പോൾ 19 ആഴ്ചയും ആറ് ദിവസവും പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമ തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തങ്ങളുടെ കേസ് തുടർച്ചയായി മാറ്റിവെച്ചുകൊണ്ട് അധികൃതർ വൈകിപ്പിക്കുകയായിരുന്നു എന്നാണ് പിതാവിന്‍റെ ആരോപണം.
നിയമത്തെക്കുറിച്ച് അജ്ഞരായ ഇവർ ഭ്രൂണം നശിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയത് 26 ആഴ്ച വളർച്ചെയെത്തിയപ്പോഴാണ്. കോടതി ഈ ആവശ്യം തള്ളി. പിന്നീട് കുടുംബം ഇതേ ആവശ്യവുമായി അതിവേഗ കോടതിയെ സമീപിച്ചു. എന്നാൽ ഭ്രൂണം നശിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞുവെന്ന നിലപാടാണ് അതിവേഗ കോടതിയും സ്വീകരിച്ചത്.
14 വയസായ പെൺകുട്ടിയുടെ മുന്നിൽ ഇനി പ്രസവിക്കുക എന്ന ഒരു വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ. സമുദായാംഗങ്ങളുടെ അഭിപ്രായം അവഗണിച്ച് നിയമത്തെ വിശ്വസിച്ചതിന് തനിക്ക് ലഭിച്ച ശിക്ഷയാണ് ഇതെന്നും ആ പിതാവ് കരുതുന്നു. എട്ടുമക്കളിൽ മൂന്നാമത്തെയാളാണ് ഈ പെൺകുട്ടി. ഒരു ജോലി പോലുമില്ലാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളേയും പെൺകുട്ടിയേയും അവളുടെ കുഞ്ഞിനെയും താൻ എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയിലാണ് പിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.