മന്ത്രി വി.കെ. സിങ്ങിനെതിരെ സത്യവാങ്മൂലം: കരസേനാ മേധാവി പ്രതിരോധമന്ത്രിക്ക് വിശദീകരണം നല്‍കി
text_fieldsന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതുമായി ബന്ധപ്പെട്ട് കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് പ്രതിരോധ മന്ത്രി മനോഹര്‍ പരീകറിന് വിശദീകരണം നല്‍കി. മന്ത്രിയും കരസേനാ മേധാവിയും തമ്മിലുള്ള പോര് കേന്ദ്ര സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കിയതോടെ പ്രതിരോധ മന്ത്രി കരസേനാ മേധാവിയോട് വിശദീകരണം തേടിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിരോധ മന്ത്രിയെ കണ്ട് കരസേനാ മേധാവി തന്‍െറ ഭാഗം വിശദീകരിച്ചത്. താന്‍ കരസേനാ മേധാവിയും വി.കെ. സിങ് മന്ത്രിയുമാകുന്നതിന് മുമ്പുള്ള, തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിന്‍െറ ഉള്ളടക്കമെന്നാണ് ദല്‍ബീര്‍ സിങ്, മന്ത്രി പരീകര്‍ മുമ്പാകെ നല്‍കിയ വിശദീകരണം. 2012ല്‍ ആംഡ് ഫോഴ്സ് ട്രൈബ്യൂണല്‍ മുമ്പാകെ നല്‍കിയ സത്യവാങ്മൂലമാണിത്.
അതേ കേസ് വീണ്ടും സുപ്രീംകോടതിയില്‍ വന്നതോടെ 2012ലെ അതേ സത്യവാങ്മൂലം സുപ്രീംകോടതിയിലും നല്‍കുകയായിരുന്നെന്നും ദല്‍ബീര്‍ സിങ് പറയുന്നു. കരസേനയില്‍നിന്ന് വിരമിച്ച ലഫ്. ജനറല്‍ രവി ദസ്താനെ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണ് കരസേനാ മേധാവി ദല്‍ബീര്‍ സിങ് മന്ത്രി സിങ്ങിനെതിരെ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.വി.കെ. സിങ്ങിന്‍െറ പിന്‍ഗാമിയായി 2012ല്‍ കരസേനാ മേധാവിയായ ജനറല്‍ ബിക്രം സിങ്ങിന് ശേഷം താനായിരുന്നു കരസേനാ മേധാവി ആകേണ്ടിയിരുന്നതെന്നും ബിക്രം സിങ്, ദല്‍ബീര്‍ സിങ്ങിനെ വഴിവിട്ട് പ്രമോഷന്‍ നല്‍കിയതിനാല്‍ തന്‍െറ അവസരം നഷ്ടമായെന്നുമാണ് രവി ദസ്താനെയുടെ ഹരജി.
ബിക്രം സിങ് തന്നെ സഹായിക്കുകയല്ല, മറിച്ച്, വി.കെ. സിങ് തന്നോട് കാണിച്ച അന്യായം തിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ദല്‍ബീര്‍ സിങ്ങിന്‍െറ വാദം. അതിനാണ് വി.കെ. സിങ് തന്നോട് ശത്രുതാപരമായി പെരുമാറിയതും അകാരണമായി തന്‍െറ സ്ഥാനക്കയറ്റം തടഞ്ഞതുമെന്നുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.