ഗവര്‍ണര്‍മാരായി ബി.ജെ.പി നേതാക്കള്‍ മാത്രം എന്തുകൊണ്ടെന്ന് ശിവസേന
text_fieldsമുംബൈ: സഖ്യ കക്ഷികളെ നോക്കുകുത്തികളാക്കി എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളെമാത്രം ഗവര്‍ണര്‍മാരും ലഫ്.ഗവര്‍ണര്‍മാരുമായി നിയമിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രം ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ചോദ്യം. തെലുഗുദേശം, ശിരോമണി അകാലിദള്‍ തുടങ്ങിയ എന്‍.ഡി.എ സഖ്യ കക്ഷികളും തങ്ങളും ഗവര്‍ണര്‍പദവി സ്വീകരിക്കാന്‍ ഒരുക്കമാണ്. കഴിവും പരിചയവുമുള്ള നേതാക്കള്‍ ഈ പാര്‍ട്ടികളിലുമുണ്ട്. 280ഓളം എം.പിമാരുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാകുമ്പോള്‍ സഖ്യകക്ഷികളുടെ രോദനം ആരുകേള്‍ക്കാന്‍ -സാമ്ന എഴുതുന്നു.
മുമ്പ് ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന അഭിപ്രായമുണ്ടായതാണ്. രാഷ്ട്രീയ യജമാനന്മാരുടെ കല്‍പന ശിരസ്സാവഹിക്കാന്‍ ഒരുക്കമുള്ള, രാഷ്ട്രീയത്തില്‍ നിര്‍ജീവരായി തീര്‍ന്ന വയോധികരെ കുടിയിരുത്തുന്ന കേന്ദ്രമായാണ് രാജ്ഭവന്‍ പരിഹസിക്കപ്പെട്ടത്. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുമ്പോള്‍ രാഷ്ട്രീയ കരുനീക്കങ്ങളുടെ കേന്ദ്രമായി രാജ്ഭവന്‍ മാറുകയും ചെയ്യുമെന്നും ശിവസേന കളിയാക്കി. ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പിരിച്ചുവിട്ട് ബി.ജെ.പി തിരിച്ചടി ഏറ്റുവാങ്ങിയ സംഭവം സൂചിപ്പിച്ചായിരുന്നു പരിഹാസം.
വരുന്ന തെരഞ്ഞെടുപ്പുകള്‍ മനസ്സില്‍ കണ്ടാണ് വി.പി സിങ് ബദ്നോരയെ പഞ്ചാബിലും നജ്മ ഹിബത്തുല്ലയെ മണിപ്പൂരിലും ഗവര്‍ണര്‍മാരായി നിയോഗിച്ചതെന്ന് പറഞ്ഞ സാമ്ന ‘രാഷ്ട്രീയ ഉത്തരവാദിത്തം’ നിര്‍വഹിക്കാനുള്ള അവസരമാണുണ്ടാക്കിയതെന്ന് വിമര്‍ശിക്കുകയും ചെയ്തു. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗവര്‍ണര്‍മാരും ലഫ് ഗവര്‍ണര്‍മാരുമായി വിരമിച്ച ഉന്നത സൈനിക, പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കേണ്ടതെന്ന് മുഖപ്രസംഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കാലത്തെ ഭരണം തന്നെയാണിപ്പോഴുമെന്നും നരേന്ദ്ര മോദിയുടെ കീഴില്‍ ബ്രാന്‍ഡ് മാറുക മാത്രമാണുണ്ടായതെന്നും ‘സാമ്ന’ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.