തമിഴ്നാട് നിയമസഭ മന്ദിര മുറ്റത്തെ മോക് അസംബ്ലിക്കെതിരെ കേസ്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭാ മന്ദിര മുറ്റത്ത് മോക് അസംബ്ളി സംഘടിപ്പിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനുവാദമില്ലാതെ നിയമസഭാ മുറ്റത്ത് സംഘടിച്ച് തടസ്സം സൃഷ്ടിക്കുക, ധര്‍ണ നടത്തുക, നിയമവിരുദ്ധമായി അസംബ്ളി സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള 61 എം.എല്‍.എമാരെ പ്രതിയാക്കി കേസെടുത്തത്.
നിയമസഭാ പരിധിയിലെ ചെന്നൈ ഫ്ളവര്‍ ബസാര്‍ പൊലീസാണ് നിയമനടപടി സ്വീകരിച്ചത്. ഡി.എം.കെ അംഗങ്ങളായ 79 പേരെ നിയമസഭയില്‍നിന്ന് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തതിനെതിരെ എം.കെ. സ്റ്റാലിന്‍െറയും മുതിര്‍ന്ന നേതാവ് ദുരൈമുരുകന്‍െറയും നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ചയാണ് നിയമസഭാ മുറ്റത്ത് പ്രതിഷേധം നടന്നത്. ഈ മാസം 18, 19 തീയതികളിലായി നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തു. മോക് അസംബ്ളി തത്സമയം ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മുന്നില്‍ അണ്ണാഡി.എം.കെ അംഗങ്ങള്‍ ഭക്തിപൂര്‍വം നില്‍ക്കുന്നത് സ്റ്റാലിന്‍ പരിഹാസ രൂപേണ പ്രതിഷേധത്തിനിടെ അഭിനയിച്ചു കാണിച്ചിരുന്നു.
നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡി.എം.കെ അംഗങ്ങളെ സ്പീക്കര്‍ പി. ധനപാല്‍ സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ ഡി.എം.കെക്ക് പിന്തുണയുമായി കഴിഞ്ഞദിവസങ്ങളില്‍ നിയമസഭാ ബഹിഷ്്കരിച്ചിരുന്നു. സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഡി.എം.കെ മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് വൈകിപ്പിച്ച ഫ്ളവര്‍ ബസാര്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍. ശക്തിവേലിനെ സ്ഥലംമാറ്റി വാഷര്‍പേട്ട് ഡെപ്യൂട്ടി കമീഷണര്‍ എസ്. ജയകുമാറിന് അധികച്ചുമതല നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.