പൗരത്വത്തില്‍ ഇരട്ട നയം
text_fieldsന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് പൗരത്വവും ഇളവുകളും അനുവദിക്കുന്നതില്‍ ഇരട്ട നയവുമായി കേന്ദ്രസര്‍ക്കാര്‍. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുന്നതില്‍ പാര്‍ലമെന്‍റിന്‍െറ അനുമതി വൈകുന്നതിനാല്‍ മറ്റു തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ രേഖകള്‍ മുസ്ലിംകള്‍ക്കുമാത്രം തുടര്‍ന്നും കിട്ടില്ല. മലയാളികളടക്കം ഇന്ത്യയില്‍ പാകിസ്താന്‍ പൗരന്മാരായി കഴിയേണ്ടിവരുന്നവരുടെ പൗരത്വ പ്രശ്നത്തില്‍ തീരുമാനവുമില്ല.
മൂന്നു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലത്തെി ദീര്‍ഘകാല വിസ പ്രകാരം താമസം തുടരുന്നവര്‍ക്ക് വിസ പുതുക്കേണ്ട കാലാവധി രണ്ടുവര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമാക്കി. ആധാര്‍, പാന്‍, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിവ അനുവദിക്കും. ഇന്ത്യയില്‍ ഏതു സംസ്ഥാനത്തേക്കും മാറിത്താമസിക്കുന്നതിനുള്ള വിലക്ക് നീക്കി. ഭൂമിയും മറ്റ് ആസ്തികളും വാങ്ങാം, സ്വയംതൊഴില്‍ കണ്ടത്തൊം. വിസ പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കും അനുമതി കൂടാതെ താമസസ്ഥലം മാറുന്നവര്‍ക്കുമുള്ള പിഴ നാമമാത്രമാക്കി -പരമാവധി 500 രൂപ. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലത്തെിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പ്രയോജനം ചെയ്യും. ഈ കുടിയേറ്റക്കാര്‍ക്കുള്ള പൗരത്വം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
മൂന്നു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതരവിഭാഗക്കാര്‍ രണ്ടുലക്ഷത്തോളം വരുമെന്നാണ് ശരാശരി കണക്ക്. ഇവര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന് 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുമൂലം സെലക്ട് കമ്മിറ്റിയുടെ പഠനത്തിന് വിടേണ്ടിവന്നു. ഇതുവഴിയുണ്ടായ കാലതാമസം മറികടക്കാന്‍ പാകത്തിലാണ് ഇപ്പോള്‍ സാമുദായിക വേര്‍തിരിവോടെ രേഖാപരമായ ഇളവുകള്‍ നല്‍കാന്‍ വിജ്ഞാപനമിറക്കിയത്.
ഇന്ത്യയില്‍ ‘പാക് പൗരന്‍’ എന്ന ലേബലില്‍ പതിറ്റാണ്ടുകളായി കഴിയുന്നവര്‍ക്ക് ഇവിടത്തെ പൗരത്വം അനുവദിച്ചുകൊടുക്കാന്‍ ഒരു നടപടിയുമില്ല. വിഭജനകാലത്തും അതിനു ശേഷവും പാകിസ്താനില്‍ ജോലിതേടി പോവുകയും പിന്നീട് സ്വദേശത്ത് തിരിച്ചത്തെി കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്യുന്ന ഇക്കൂട്ടരില്‍ 250ഓളം മലയാളികളുമുണ്ട്. അയല്‍രാജ്യത്തുനിന്ന് കുടിയേറിയ രണ്ടുലക്ഷത്തോളം പേര്‍ക്ക് സമുദായം നോക്കി പൗരത്വവും ഇളവുകളും അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍തന്നെയാണ്, ഒരു വിഭാഗം സ്വന്തം മണ്ണില്‍ വോട്ടവകാശംപോലുമില്ലാതെ പാക് പൗരന്മാരായി കഴിയേണ്ടിവരുന്നത്.
മൂന്നു രാജ്യങ്ങളില്‍നിന്നായി ഇന്ത്യയിലത്തെിയ മുസ്ലിം ഇതര സമുദായക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി ബില്ലിന്‍െറ കാര്യത്തില്‍ പാര്‍ലമെന്‍റിന്‍െറ സെലക്ട് കമ്മിറ്റി ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. പൗരത്വം അനുവദിക്കുന്നതില്‍ സാമുദായിക വേര്‍തിരിവു കാട്ടുന്നതില്‍ എതിര്‍പ്പുയര്‍ത്തിയ പ്രതിപക്ഷം വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാനും ബില്‍ പാസാക്കുന്നതില്‍ കാലതാമസമുണ്ടാകാനും സാധ്യതയുള്ളതുകൊണ്ടാണ് ഇപ്പോഴത്തെ വിജ്ഞാപനം.
ജനിച്ച മണ്ണില്‍ അന്യരാക്കപ്പെട്ട് ‘പാക് പൗര’ന്മാര്‍
കേരളത്തില്‍ മലയാളികളായ 250ഓളം പാകിസ്താന്‍ പൗരന്മാരുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്്. ഇതില്‍ 150 പേര്‍ കണ്ണൂരിലും 70 പേര്‍ മലപ്പുറത്തുമാണ്. ഇവരുടെ പൗരത്വ അപേക്ഷകള്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. പൗരത്വ രേഖകള്‍ വിഷയമല്ലാതിരുന്ന വിഭജനകാലത്തും തൊട്ടടുത്ത വര്‍ഷങ്ങളിലും പാകിസ്താനില്‍ തൊഴിലെടുത്തിരുന്നവരും പിന്നീട് നാട്ടിലേക്കു മടങ്ങി കുടുംബസമേതം താമസിക്കുന്നവരുമാണ് ‘പാക് പൗരന്മാര്‍’.
നാട്ടിലേക്ക് മടങ്ങുമ്പോഴേക്ക് പാസ്പോര്‍ട്ടും മറ്റു രേഖകളും രണ്ടു രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരുന്നതിനാല്‍, പാകിസ്താന്‍ പാസ്പോര്‍ട്ട് ഇവര്‍ക്ക് എടുക്കേണ്ടിവന്നു. ഈ പാസ്പോര്‍ട്ടുള്ളതു കൊണ്ടാണ് സ്വന്തം മണ്ണില്‍ പാക് പൗരന്മാരായി അവര്‍ മാറിയത്. ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ പറ്റില്ളെന്നാണ് കേന്ദ്ര നിലപാട്. പാകിസ്താനിലേക്ക് മടക്കിയയക്കുമെന്ന ഭീഷണികളും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വ നിയമ ഭേദഗതി ബില്ലും പ്രായംചെന്ന ഈ പാക് പൗരന്മാരെ സഹാനുഭൂതിയോടെ പരിഗണിച്ചിട്ടില്ല. ബില്‍ പഠിക്കുന്ന സെലക്ട് കമ്മിറ്റി ഇവരുടെ വിഷയം മുന്നോട്ടുവെക്കുമോയെന്ന് പറയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.