പൊതുബജറ്റ് ജനുവരി 31ന്; നിര്‍ദേശം പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷത്തെ പൊതുബജറ്റ് പതിവില്‍നിന്ന് ഒരു മാസം മുമ്പേ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയില്‍. റെയില്‍വേ ബജറ്റ് പ്രത്യേകമായി വകുപ്പുമന്ത്രി അവതരിപ്പിക്കുന്ന രീതി മാറ്റി പൊതുബജറ്റിന്‍െറ ഭാഗമാക്കുന്നതിന് പുറമെയാണിത്. ഫെബ്രുവരിയിലെ അവസാന തീയതിക്കു പകരം ജനുവരി 31ന് പൊതുബജറ്റ് അവതരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുകയാണ്. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ബജറ്റ് പാസാക്കുന്ന രീതി വിട്ട്, മാര്‍ച്ച് 31നകം ബജറ്റ് നടപടികള്‍ പാര്‍ലമെന്‍റ് പൂര്‍ത്തിയാക്കുന്നത് കൂടുതല്‍ ഭരണസൗകര്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ബജറ്റ് അവതരിപ്പിക്കുന്നതിന് ഭരണഘടന നിശ്ചിത തീയതി നിര്‍ദേശിച്ചിട്ടില്ല.
പരോക്ഷ നികുതികള്‍ എടുത്തുകളഞ്ഞ് ഏകീകൃത ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ പുരോഗമിക്കുന്നതിനൊപ്പമാണ് ബജറ്റ് നേരത്തേയാക്കാനുള്ള നീക്കം. ജി.എസ്.ടി വരുമ്പോള്‍ എക്സൈസ്, സേവന നികുതികളും സെസും ബജറ്റില്‍ ഉണ്ടാവില്ല. പദ്ധതി, പദ്ധതിയേതര ചെലവുകള്‍ എന്ന രീതി മാറ്റി മൂലധന, വരുമാന ചെലവുകള്‍ അവതരിപ്പിക്കുന്നതാണ് ബജറ്റ് ഘടനാമാറ്റത്തിലെ മറ്റൊരു പരിഗണനാ വിഷയം. ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കുന്നത് ഇപ്പോള്‍ രണ്ടു ഘട്ടങ്ങളിലാണ്. ഫെബ്രുവരി അവസാനം ബജറ്റ് അവതരിപ്പിക്കുന്നത് ആദ്യഘട്ടം. അതേക്കുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി പാസാക്കുന്ന രണ്ടാം ഘട്ടം രണ്ടുമാസത്തിനു ശേഷമാണ് പൂര്‍ത്തിയാവുക. ഇതിനിടയില്‍ ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുകയും ചെയ്യും.
അതുകൊണ്ട് ഖജനാവില്‍നിന്ന് പുതിയ സാമ്പത്തികവര്‍ഷത്തെ മൂന്നു മാസത്തേക്ക് പണം ചെലവാക്കാന്‍ വോട്ട് ഓണ്‍ അക്കൗണ്ട് പ്രത്യേകമായി പാസാക്കേണ്ടിവരുന്നു. മുഴുവന്‍ വര്‍ഷത്തേക്കുമുള്ള ധനവിനിയോഗ ബില്‍ പിന്നീടാണ് പാസാക്കുന്നത്. മാര്‍ച്ച് 31നു മുമ്പ് ബജറ്റ് പാസാക്കിയാല്‍, വോട്ട് ഓണ്‍ അക്കൗണ്ടിന്‍െറ ആവശ്യം വരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.