രാജ്യത്ത് വാടക ഗർഭധാരണത്തിന് കർശന നിയന്ത്രണം
text_fieldsന്യൂഡല്‍ഹി: വാടക ഗര്‍ഭപാത്രമെന്ന ഏര്‍പ്പാട് നിരോധിച്ച് നിയമനിര്‍മാണം നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ അടുത്ത ബന്ധുക്കള്‍ക്ക് നിസ്വാര്‍ഥമായി, പരോപകാരമെന്ന നിലയില്‍ ഗര്‍ഭം വഹിക്കാം. പ്രതിഫലം നല്‍കി കച്ചവടം പോലെ ഗര്‍ഭപാത്രം വാടകക്കെടുക്കുന്നതിനാണ് പൂര്‍ണ വിലക്ക്. പുറംനാടുകളിലെ ദമ്പതികള്‍വരെ പ്രതിഫലം വാഗ്ദാനം ചെയ്ത് പാവപ്പെട്ട സ്ത്രീകളുടെ ഗര്‍ഭാശയം വാടകക്കെടുക്കുന്നുണ്ട്.
പ്രസവശേഷം അമ്മയുടെ ആരോഗ്യകാര്യം അവഗണിക്കുക, വൈകല്യമുള്ള കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ഏറ്റെടുക്കാതെ മുങ്ങുക തുടങ്ങിയ സംഭവങ്ങള്‍ പതിവാണ്. സമ്പന്ന കുടുംബങ്ങളിലുള്ളവര്‍ പ്രസവം തന്നെ ഒഴിവാക്കുന്ന ഫാഷനായി വാടക ഗര്‍ഭപാത്ര രീതി മാറിയിട്ടുണ്ട്. ഇത്തരം ദുഷ്പ്രവണതകള്‍ കണക്കിലെടുത്താണ് പുതിയ നിയമനിര്‍മാണം.കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ അണ്ഡ-ബീജ സങ്കലനം വഴിയുള്ള ഭ്രൂണം പ്രസവത്തിന് സ്വമേധയാ മുന്നോട്ടുവരുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പ്രസവം സാധ്യമാക്കുന്ന രീതിയാണ് വാടക ഗര്‍ഭപാത്രമെന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. ബന്ധുക്കളുടെ ഗര്‍ഭപാത്രം ഉപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാനഉപാധികള്‍ ഇവയാണ്:
വിവാഹം നടന്ന് അഞ്ചു വര്‍ഷം കഴിയാതെ ഈ കൃത്രിമരീതി അനുവദിക്കില്ല. വാടക മാതാവ് വിവാഹം ചെയ്തിട്ടുണ്ടാകണം. ഒരിക്കലെങ്കിലും പ്രസവിച്ചിരിക്കണം. പ്രായം 23നും 50നും ഇടക്കായിരിക്കണം. പുരുഷന്‍െറ പ്രായം 26നും 55നും മധ്യേ.ഭര്‍ത്താവിന്‍െറ സഹോദരി, ഭാര്യയുടെ സഹോദരി, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഒറ്റത്തവണ മാത്രം ഇങ്ങനെ ഗര്‍ഭം ധരിക്കാം. വിദേശികള്‍, ഒ.സി.ഐ കാര്‍ഡുള്ള വിദേശ വംശജരായ ഇന്ത്യക്കാര്‍, എന്‍.ആര്‍.ഐക്കാര്‍, വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്നവര്‍, സ്വവര്‍ഗ ജോടികള്‍ എന്നിവരെ ബന്ധു ഗര്‍ഭപാത്രരീതിക്ക് അനുവദിക്കില്ല. കുട്ടികളുള്ള ദമ്പതികള്‍ക്കും അനുവാദമില്ല.വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്നവര്‍ക്കും വിവാഹം ഉപേക്ഷിച്ചു നില്‍ക്കുന്നവര്‍ക്കും ബന്ധുഗര്‍ഭപാത്ര രീതി അവലംബിക്കാന്‍ പറ്റില്ല. ബന്ധുഗര്‍ഭപാത്ര രീതി മാത്രമാണ് ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാന്‍ വഴിയെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം.
ഗര്‍ഭധാരണത്തിന് തയാറാകുന്ന ബന്ധുവിന് പ്രതിഫലം നല്‍കാന്‍ പാടില്ല. ചികിത്സാ ചെലവ് മാത്രം അനുവദിക്കും. രാജ്യത്ത് 2500ഓളം വാടക ഗര്‍ഭപാത്ര ക്ളിനിക്കുകള്‍ ഇപ്പോഴുണ്ട്. കൂടുതല്‍ ക്ളിനിക്കുകള്‍ അനുവദിക്കില്ല.ബന്ധു ഗര്‍ഭപാത്രത്തിലൂടെ പിറക്കുന്ന കുട്ടികള്‍ക്ക്, മക്കളുടെ എല്ലാ പിന്തുടര്‍ച്ചാവകാശങ്ങളും ഉണ്ടായിരിക്കും. ഗര്‍ഭപാത്രം നല്‍കിയ സ്ത്രീക്ക് ദമ്പതികളുടെ സ്വത്തില്‍ അവകാശമില്ല. ഗര്‍ഭധാരണത്തിന് കരാര്‍ ഉണ്ടാക്കിയിരിക്കണം. 25 വര്‍ഷത്തേക്ക് രേഖകള്‍ സൂക്ഷിച്ചിരിക്കണം.ബന്ധു ഗര്‍ഭപാത്രം സ്വീകരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കും. ഇവരുടെ അനുമതി ആവശ്യമാണ്. ചട്ടലംഘനത്തിന് 10 വര്‍ഷം വരെ ജയില്‍ശിക്ഷ പാര്‍ലമെന്‍റില്‍ കൊണ്ടുവരുന്ന ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എന്താണ് വാടക ഗര്‍ഭം..?
മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും തുടര്‍ന്ന് നവജാത ശിശുവിനെ ദമ്പതികള്‍ക്ക് തിരിച്ചേല്‍പിക്കുകയും ചെയ്യുന്നതിനെയാണ് ‘വാടക ഗര്‍ഭധാരണം’ അഥവാ ‘സറോഗസി’ എന്ന് പറയുന്നത്. രണ്ടു തരത്തിലാണ് ഇത്തരം ഗര്‍ഭധാരണം നടക്കുന്നത്. വാടകക്കെടുക്കപ്പെടുന്ന സ്ത്രീയുടെതന്നെ അണ്ഡവും കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരില്‍ പുരുഷന്‍െറ ബീജവും സംയോജിപ്പിച്ചുണ്ടാവുന്ന കുഞ്ഞിനെ പ്രസവിക്കുന്ന പഴയരീതിയാണ് ഇതിലൊന്ന്. ഈ രംഗത്ത് വൈദ്യശാസ്ത്രത്തിന്‍െറ കുതിച്ചോട്ടത്തോടെയാണ് രണ്ടാമത്തെ രീതി രംഗത്ത് വന്നത്. കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചശേഷം പ്രസവിക്കാന്‍ തയാറുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് പ്രസവശേഷം കുഞ്ഞിനെ അതിന്‍െറ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘ഗെസ്റ്റേഷനല്‍ സറോഗസി’ എന്നറിയപ്പെടുന്ന പുതിയ രീതി.
ധാര്‍മിക-സാമൂഹിക പ്രശ്നങ്ങള്‍
ധാര്‍മിക- സാമൂഹിക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വാടക ഗര്‍ഭം എന്ന പ്രക്രിയ. മുമ്പ് ഒരു കുഞ്ഞിന് ‘അമ്മ’ എന്നുവിളിക്കാന്‍ ഒരു സ്ത്രീ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, പുതിയ രീതിയില്‍ ജനിച്ചുവീഴുന്ന കുഞ്ഞിനെ സംബന്ധിച്ച് പ്രസവിച്ച അമ്മ, അണ്ഡം നല്‍കിയ അമ്മ (ബയോളജിക്കല്‍ മദര്‍) എന്നീ രണ്ട് അമ്മമാര്‍ ഉണ്ടായിരിക്കും. ഇതില്‍ ഏതെങ്കിലും ഒരമ്മ വിദേശിയാണെങ്കില്‍ കുഞ്ഞിന്‍െറ പൗരത്വവും പ്രശ്നമാവും. ഇന്ത്യയില്‍ ഇവിടെ പൗരത്വമുള്ള ഒരു സ്ത്രീ പ്രസവിക്കുന്ന കുഞ്ഞ് സ്വമേധയാ ഇന്ത്യന്‍ പൗരത്വമുള്ള കുഞ്ഞായി പരിഗണിക്കാനാണ് നിയമം പറയുന്നത്. ജനനശേഷം ഉടന്‍ തന്നെ കുഞ്ഞിനെ കൈമാറുന്നതുമൂലം പ്രസവിച്ച അമ്മയുടെ മുലപ്പാല്‍ ലഭിക്കാതെയാവുന്ന കുഞ്ഞും മുലയൂട്ടാന്‍ കഴിയാത്ത അമ്മയും കടുത്ത മാനസിക-ശാരീരിക പ്രശ്നങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സമ്പന്നവിഭാഗത്തിലെ ദമ്പതികളും വാടക ഗര്‍ഭത്തിന് സൗകര്യമൊരുക്കുന്ന ആശുപത്രികളും ഇടനിലക്കാരും ചേര്‍ന്ന് ദരിദ്രരും വിദ്യാഭ്യാസം കുറവുള്ളതുമായ സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള സാധ്യതയും ഈ രംഗത്ത് കൂടുതലാണ്. പ്രസവശേഷം കുഞ്ഞിനെ ഏറ്റെടുക്കാന്‍ ദമ്പതികള്‍ വിസമ്മതിക്കുകയാണെങ്കില്‍ കുഞ്ഞിന്‍െറ ഭാവിയെക്കുറിച്ചും കൃത്യമായ നിയമങ്ങളില്ല. ഇന്ത്യക്കാരിയുടെ വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ ആണ്‍കുഞ്ഞിനെമാത്രം സ്വീകരിച്ച് ആസ്ട്രേലിയന്‍ ദമ്പതികള്‍ നാടുവിട്ടത് അടുത്തകാലത്ത് വാര്‍ത്തയായിരുന്നു. പ്രസവസമയത്ത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍ കുഞ്ഞിനാണോ അമ്മക്കാണോ മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തിലും വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അമ്മയുടെ കാര്യത്തില്‍ ആശുപത്രികള്‍ പരിഗണന നല്‍കാറില്ല എന്നാണ് ആരോപണം. വാടകഗര്‍ഭത്തിലൂടെ പിറന്ന കുഞ്ഞിന്‍െറ പ്രസവിക്കാത്ത അമ്മയുടെ പ്രസവ ലീവിനുള്ള അപേക്ഷ കോടതി കയറിയതും ഈ അടുത്തകാലത്താണ്. ലീവ് നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഇത്തരത്തില്‍ ഇനിയും സമൂഹശ്രദ്ധയില്‍ വരാത്ത നിരവധി പ്രശ്നങ്ങള്‍ ‘വാടക ഗര്‍ഭ’ത്തിന്‍െറ കാര്യത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്.
ചൂഷണത്തിന്‍െറ വഴികള്‍
വാടക ഗര്‍ഭധാരണത്തിന് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്ന് ചെലവ് മാത്രമാണ് ഇന്ത്യയിലുള്ളത്. ഇക്കാരണത്താല്‍ വിദേശികള്‍ ഈ ആവശ്യത്തിന് ഇന്ത്യയിലേക്ക് ഒഴുകുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഇതിനായി ആയിരക്കണക്കിന് കേന്ദ്രങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വാടക ഗര്‍ഭധാരണത്തിന്‍െറ പരസ്യങ്ങളടങ്ങിയ മുന്നൂറോളം വെബ്സൈറ്റുകളും ഇന്ത്യയുടേതായിട്ടുണ്ട്. മൂന്ന് ലക്ഷം മുതല്‍ 35 ലക്ഷം വരെ ഗര്‍ഭധാരണത്തിന് വാടകയായി ഇത്തരം ഏജന്‍സികള്‍ ഈടാക്കുന്നുണ്ടെങ്കിലും ഗര്‍ഭപാത്രത്തിന്‍െറ ഉടമകളായ സ്ത്രീകള്‍ക്ക് തുച്ഛമായ തുകനല്‍കി ചൂഷണം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമവും സര്‍ക്കാര്‍ ഇടപെടലും
വൈദ്യശാസ്ത്ര രംഗത്ത് ‘ബില്യണ്‍ ഡോളര്‍ വ്യവസായ’മെന്ന് രഹസ്യമായി വിളിക്കപ്പെടുന്ന വന്ധ്യത ചികിത്സ, വാടക ഗര്‍ഭധാരണം തുടങ്ങിയ മേഖലകളില്‍ ചികിത്സ ഒരു വ്യവസായമായി തഴച്ചുവളര്‍ന്നു കഴിഞ്ഞെങ്കിലും ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ആവശ്യമായ നിയമനിര്‍മാണം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇത്രകാലം വരെയും ഉണ്ടായിട്ടില്ല. 2010ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് ഇതുമായി ബന്ധപ്പെട്ട് കുറച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെങ്കിലും അത് നടപ്പിലാക്കാനായിട്ടില്ല.
വാടക ഗര്‍ഭപാത്രം: താരങ്ങള്‍ക്ക് മന്ത്രിയുടെ കുത്ത്
രണ്ടു കുട്ടികളുടെ മാതാപിതാക്കളായ പ്രമുഖ താരങ്ങള്‍ വരെ വാടക ഗര്‍ഭപാത്രം തേടി പോവുകയാണെന്ന് മന്ത്രി സുഷമ സ്വരാജ്. കച്ചവട സ്വഭാവമുള്ള വാടക ഗര്‍ഭപാത്ര രീതി പൂര്‍ണമായി നിരോധിച്ച് നിയമനിര്‍മാണം നടത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം വിശദീകരിക്കുമ്പോഴാണ് സിനിമാതാരങ്ങളായ ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍ തുടങ്ങിയവരെ പരോക്ഷമായി മന്ത്രി വിമര്‍ശിച്ചത്. പ്രസവവേദന അനുഭവിക്കാന്‍ ഭാര്യ തയാറല്ളെന്നും മറ്റുമുള്ള കാരണങ്ങള്‍കൊണ്ടാണ് മൂന്നാമത്തെ കുട്ടിക്കുവേണ്ടി വാടക ഗര്‍ഭപാത്രം തേടി ഇത്തരക്കാര്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുണ്ടാകാത്തവര്‍ക്ക് അവസാന പോംവഴിയെന്ന നിലയില്‍ കാണേണ്ടതിനു പകരം, ഫാഷനായി വാടക ഗര്‍ഭപാത്ര രീതി അവലംബിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ നിയമനിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷയെന്ന നിലയിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.