രോഹിത് വെമുല ദലിതനല്ലെന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട്
text_fieldsന്യൂഡല്‍ഹി: ജാതിവിവേചനത്തെ തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി രോഹിത് വെമുല ദലിത് വിഭാഗത്തില്‍ പെടുന്നയാളല്ളെന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട്. വെമുലയുടെ ആത്മഹത്യ വിവാദമായതിനെ തുടര്‍ന്ന് സംഭവം പഠിക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച ഏകാംഗ കമീഷന്‍ അലഹബാദ് ഹൈകോടതി ജഡ്ജി എ.കെ. രൂപന്‍പാല്‍ തന്‍െറ റിപ്പോര്‍ട്ട് യു.ജി.സിക്ക് കൈമാറി. രോഹിത് വെമുലയുടെ കുടുംബം ഒ.ബി.സി വിഭാഗത്തില്‍പെടുന്ന വദെര ജാതിയില്‍ പെട്ടവരാണെന്നാണ് ജുഡീഷ്യന്‍ കമീഷന്‍െറ കണ്ടത്തെല്‍. രോഹിത് വെമുലയുടെ സ്വദേശമായ ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ദാന്തെ നേരത്തേ നല്‍കിയ റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് ജുഡീഷ്യന്‍ കമീഷന്‍ റിപ്പോര്‍ട്ട്. രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍ പെടുന്നയാളാണെന്നായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ജനുവരി 17നാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ രോഹിത് വെമുല ജീവനൊടുക്കിയത്. എ.ബി.വി.പിക്കാരുടെ പരാതിയുടെ പേരില്‍ അഞ്ച് ദലിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത് ഉള്‍പ്പെടെ യൂനിവേഴ്സിറ്റിയില്‍ ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രോഹിത് വെമുല ഫേസ്ബുക്കിലും മറ്റും നിരന്തരം ഉന്നയിച്ചിരുന്നു. ദലിതനായി ജനിച്ചതിനാല്‍ നേരിട്ട വിവേചനത്തെക്കുറിച്ച് എഴുതിയ രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് പുറത്തുവന്നത് രാജ്യമാകെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തിരികൊളുത്തി.
വെമുല അടക്കമുള്ള ദലിത് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിക്ക് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ തുടങ്ങിയവര്‍ ഇടപെട്ട വിവരം പുറത്തുവന്നത് പാര്‍ലമെന്‍റില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. ഇതിനെതുടര്‍ന്നാണ് കേന്ദ്ര മാനവശേഷി മന്ത്രാലയം ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി വി.സി അപ്പ റാവു എന്നിവരെ പ്രതിചേര്‍ക്കുകയും ചെയ്തതിനാല്‍ വെമുലയുടെ ജാതി സംബന്ധിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തി ഏറെയുണ്ട്.
മന്ത്രിയെയും സര്‍ക്കാറിനെയും രക്ഷിക്കാനുള്ളതാണ് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടെന്ന് ദേശീയ പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ കുറ്റപ്പെടുത്തി. ജാതി നിര്‍ണയത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടാണ് അന്തിമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമീഷന്‍െറ റിപ്പോര്‍ട്ട് വസ്തുതയല്ളെന്ന് രോഹിത് വെമുലയുടെ സഹോദരന്‍ രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.