കുടുംബം തന്നെ കൊല്ലുമെന്ന് വിഡിയോയിലൂടെ പ്രവചിച്ച യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു
text_fieldsഹത്രാസ്: ഓടുന്ന തീവണ്ടിയുടെ ടോയ്ലെറ്റിൽ മൊബൈൽ ക്യാമറ ഒാണാക്കി ആ യുവതി പറഞ്ഞു. "പിതാവും സഹോദരനും എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു, അവർ എന്നെ നിർബന്ധപൂർവം ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയാണ്. എൻെറ ജീവൻ അപകടത്തിലാണ്. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിൻെറ ഉത്തരവാദിത്വം അവർക്കായിരിക്കും. ഞാൻ ഇമ്രാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.." ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. പക്ഷേ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സോണിയെന്ന(26) യുവതി അപ്പോഴേക്കും മരിച്ചിരുന്നു.
വിഡിയോ ക്ലിപ്പിൻെറ അടിസ്ഥാനത്തിൽ പൊലീസ് ബന്ധുക്കൾക്കെതിരെ കേസെടുത്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസിലുള്ള സോണിയുടെ മാതാപിതാക്കളും നാലു സഹോദരങ്ങളും അടക്കം ആറു പേർക്കെതിരായാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എല്ലാ പ്രതികളും ഒളിവിലാണ്. എന്നാൽ യുവതിയുടെ മരണം സ്വഭാവികമാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. സംസ്കരിച്ച മൃതശരീരം പുറത്തെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ചില സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി മരണപ്പെട്ടതായി കുടുംബം വെളിപ്പെടുത്തിയത്. എന്നാൽ സോണിയുടെ മരണകാരണം കുടുംബം വെളിപ്പെടുത്തിയിരുന്നില്ല. ഏതാനും ദിവസം മുമ്പ് സോണി കുടുംബത്തോടൊപ്പം ഗ്രാമത്തിൽ എത്തിയാതായി അയൽവാസികൾ പറയുന്നു. "പെൺകുട്ടി മരിച്ചതായി അറിഞ്ഞപ്പോൾ രാവിലെ അഞ്ച് മണിയോടെ ഞങ്ങൾ അവരുടെ വീട്ടിലെത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് ഇസ്ലാമിക ആചാരങ്ങൾ പ്രകാരം അവളെ അടക്കം ചെയ്തു- പെൺകുട്ടിയുടെ അയൽവാസിയായ മുഹമ്മദ് ഷാഹിദ് വ്യക്തമാക്കി.
യുവതി വീഡിയോയിൽ പരാമർശിച്ച ഇമ്രാൻ എന്നയാളെ അന്വേഷിച്ച് ഒരു പോലീസ് ടീം മുംബൈയിലേക്ക് തിരിച്ചു. ഈ വീഡിയോ പകർത്തിയത് എപ്പോഴാണെന്ന് വ്യക്തതയില്ല. വീഡിയോ ചിത്രീകരിക്കാൻ ആരോ യുവതിയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.