കശ്മീരിൽ ഹുർറിയത് നേതാവ് മിർവാഇസ് ഉമർ ഫാറൂഖ് അറസ്റ്റിൽ
text_fieldsശ്രീനഗർ: ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ വധവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നിലനിൽക്കുന്ന കശ്മീരിൽ ഹുർറിയത് കോൺഫറൻസ് ചെയർമാൻ മിർവാഇസ് ഉമർ ഫാറൂഖ് അറസ്റ്റിൽ. നിരവധി തവണ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ആദ്യമായാണ് ഹുറിയത് ചെയർമാനെ അറസ്റ്റ് ചെയ്യുന്നത്. ഇൗദ്ഗാഹ് മേഖലയിലേക്ക് മാർച്ച് നടത്താനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ച ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചേഷ്മ ഷാഹിയിലേക്ക് മാറ്റുകയുമായിരുന്നു.
അതേസമയം മേഖലയിൽ സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നതുവരെയുള്ള താൽകാലിക നടപടിയാണിതെന്ന് സംസ്ഥാന സർക്കാർ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ നഇൗം അക്തർ അറിയിച്ചു. എന്നാൽ സംസ്ഥാന പൊലീസ് ഇതു സംബന്ധിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. മിർവാഇസിെൻറ അറസ്റ്റിനെ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അപലപിച്ചു. സംസ്ഥാനത്തിെൻറയും കേന്ദ്ര ഭരണ കൂടത്തിെൻറയും ഭീരുത്വവും ബാലിശവുമായ നീക്കമാണിതെന്നാണ് ഗീലാനി അറസ്റ്റിനോട് പ്രതികരിച്ചത്.
ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നാണ് കശ്മീരിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടത്. ഇതിനെ തുടർന്ന് കശ്മീരിൽ 50 ദിവസമായി കർഫ്യൂ തുടരുകയാണ്. പ്രക്ഷോഭകരും സുരക്ഷ സൈനികരുമായുള്ള സംഘർഷത്തിൽ ഇതുവരെ 70 പേർ കൊല്ലപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.