കശ്മീര്‍: പ്രധാനമന്ത്രിയെ വിമര്‍ശിച്ച പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീര്‍ വിഷയത്തിലെ നയത്തെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബി.ജെ.പി രംഗത്ത്. പ്രധാനമന്ത്രി സമാധാനത്തിനുവേണ്ടി ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത് ഖേദകരമാണ്.
രാജ്യത്തിന്‍െറ അഖണ്ഡതക്കായി എല്ലാവരെയും കൂടെക്കൂട്ടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഒരേസ്വരത്തില്‍ സംസാരിക്കണം. എന്നാലേ ഇക്കാര്യത്തിലെ പാകിസ്താന്‍െറ ഗൂഢാലോചന തുറന്നുകാണിക്കാന്‍ നമുക്ക് കഴിയൂ -പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും തുടര്‍ന്ന് പതിറ്റാണ്ടുകളോളം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്‍െറയും നിലപാടുമൂലമാണ് കശ്മീര്‍ ഇപ്പോഴും പ്രശ്നമായി തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്‍െറ ഐക്യത്തെ തകര്‍ക്കാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നവരില്‍ പലരുടെയും മക്കള്‍ സുരക്ഷിത സ്ഥാനത്താണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ജമ്മു-കശ്മീരിലെ ഉധംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ജിതേന്ദ്ര സിങ്. തീവ്രവാദത്തോട് ഒത്തുതീര്‍പ്പിന് സന്നദ്ധമല്ളെന്നും സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കശ്മീരിലെ യുവാക്കളെ അക്രമത്തിലേക്ക് നയിച്ചത് വിഷയം കൈകാര്യം ചെയ്യുന്നതിലെ നമ്മുടെ തെറ്റുകളാണെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.