കല്‍ബുര്‍ഗി വധത്തിന് ഒരു വര്‍ഷം: ധാര്‍വാഡില്‍ എഴുത്തുകാരുടെ നിശ്ശബ്ദ റാലി
text_fieldsബംഗളൂരു: കന്നട എഴുത്തുകാരനും പുരോഗമനവാദിയുമായിരുന്ന എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഒരു വര്‍ഷം തികയുന്ന ചൊവ്വാഴ്ച കര്‍ണാടകയില്‍ വിവിധ സംഘടനകളുടെയും സാഹിത്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി അരങ്ങേറി.
കല്‍ബുര്‍ഗിയുടെ നാടായ ധാര്‍വാഡില്‍ അന്വേഷണം വേഗത്തിലാക്കി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് എഴുത്തുകാര്‍ നിശ്ശബ്ദ റാലി നടത്തി. കല്‍ബുര്‍ഗിയുടെ വസതിയില്‍നിന്ന് ആരംഭിച്ച റാലി ആര്‍.എല്‍.എസ് കോളജ് ഗ്രൗണ്ടില്‍ അവസാനിച്ചു. തുടര്‍ന്ന്, പൊതുയോഗവും നടന്നു.
കല്‍ബുര്‍ഗിയുടെയും സമാനരീതിയില്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെയും ഭാര്യമാരും ബന്ധുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് എഴുത്തുകാര്‍ പങ്കെടുത്തു.
കല്‍ബുര്‍ഗിയുടെ കൊലപാതകികളെ കണ്ടത്തൊനാകാതെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണസംഘത്തെ പ്രമുഖ കന്നട എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ പാട്ടീല്‍ പൊതുയോഗത്തില്‍ ശക്തമായി വിമര്‍ശിച്ചു. 5,000 വര്‍ഷം പഴക്കമുള്ള ബ്രാഹ്മണ മൗലികവാദികളോ, അതോ പുതുതായി ഉടലെടുത്ത വീരശൈവ, ലിംഗായത്ത് മൗലികവാദികളോ ആണ് കൊലപാതകത്തിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. കറുത്ത റിബണുകള്‍ അണിഞ്ഞായിരുന്നു റാലി.
കല്‍ബുര്‍ഗി വധത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹുബ്ബള്ളിയില്‍ വിവിധ സംഘടനകളും നിശ്ശബ്ദ റാലി നടത്തി.
ഡോ. കല്‍ബുര്‍ഗി സാഹിത്യ സംവാദ വേദികെയുടെ നേതൃത്വത്തില്‍ ഹുബ്ബള്ളി മിനി വിധാന്‍ സൗധയിലേക്കാണ് റാലി നടത്തിയത്. തുടര്‍ന്ന്, തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 30നാണ് ധാര്‍വാഡിലെ വീട്ടില്‍ കല്‍ബുര്‍ഗി അജ്ഞാതരുടെ വേടിയേറ്റു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.