ഭീകരതക്കെതിരായ പോരാട്ടം ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക
text_fieldsന്യൂഡല്‍ഹി: അമേരിക്കയുമായി സൈനിക സന്നാഹ കരാറില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ഒപ്പുവെച്ചതിനു പിന്നാലെ, ഭീകരതാ വിഷയത്തില്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ. ഇക്കാര്യത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പമാണെന്നും മേഖലയിലെ എല്ലാ രാജ്യങ്ങളും ഭീകരത നേരിടുന്നതില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഡല്‍ഹിയിലത്തെിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിച്ച് അമേരിക്ക കാണുന്നില്ല. ആര് നടത്തുന്നതാകട്ടെ, എവിടെനിന്നു വരുന്നതാകട്ടെ, ഭീകരതയെന്നാല്‍ ഭീകരതതന്നെ -ജോണ്‍ കെറി പറഞ്ഞു. പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള നടപടി പാകിസ്താന്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനുമായി ഭീകരതാ വിഷയത്തില്‍ അമേരിക്ക ബന്ധപ്പെടുന്നുണ്ടെന്ന് ജോണ്‍ കെറി പറഞ്ഞു. അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നടപടി അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അവര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നുണ്ട്. ഭീകരതയുടെ കാര്യത്തില്‍ അങ്ങേയറ്റത്തെ പ്രതിബദ്ധത അമേരിക്കക്കുണ്ട്. എന്നാല്‍, വലിയ വെല്ലുവിളികള്‍ മുന്നിലുണ്ട്. യോജിച്ച ശ്രമമാണ് ഉണ്ടാകേണ്ടത്.
പാകിസ്താന്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന വിഷയം ഇന്ത്യ-അമേരിക്ക ചര്‍ച്ചകളില്‍ ഉന്നയിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഭീകരതയുടെ കാര്യത്തില്‍ ഇരട്ട മാനദണ്ഡം പാടില്ല. പാക് മണ്ണ് താവളമാക്കുന്ന ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ നിയന്ത്രിക്കാന്‍ അവിടത്തെ ഭരണകൂടം തയാറാകണം. ഭീകരതയുടെ കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ കൂട്ടായ നടപടി വേണം. ഇരട്ടനയമില്ളെന്നും, ഇതേ അഭിപ്രായമാണ് അമേരിക്കക്ക് ഉള്ളതെന്നും ജോണ്‍ കെറി വിശദീകരിച്ചു.
പാകിസ്താനുമായി സംഭാഷണ പ്രക്രിയ മുന്നോട്ടു നീക്കുന്നതിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് സുഷമ സ്വരാജ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതടക്കം പല നടപടികളും സ്വീകരിച്ചു. പക്ഷേ, പത്താന്‍കോട്ട് ഭീകരാക്രമണം അടക്കമുള്ള തിരിച്ചടികളാണ് ഉണ്ടായതെന്ന് സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര വേദിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ്, പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നത്തെുന്ന ഭീകരത അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാന വിഷയമാക്കിയത്. വാഷിങ്ടണിലത്തെിയ മനോഹര്‍ പരീകറും സംഭാഷണങ്ങളില്‍ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. ഇന്ത്യ-യു.എസ് പ്രതിരോധ-വാണിജ്യ സംഭാഷണങ്ങള്‍ക്ക് ഡല്‍ഹിയിലത്തെിയ ജോണ്‍ കെറി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വൈകീട്ട് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.