പണിമുടക്ക്: റെയില്‍വെ ഒഴികെയുള്ളവ സ്തംഭിപ്പിക്കുമെന്ന് ട്രേഡ് യൂനിയന്‍
text_fieldsന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിനുള്ള ദേശീയ പണിമുടക്കില്‍ റെയില്‍വേ ഒഴികെയുള്ള എല്ലാ തൊഴില്‍മേഖലകളും സ്തംഭിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍െറ ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ താക്കീതാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാറുമായി ഗൂഢാലോചന നടത്തി സമരത്തില്‍നിന്ന് പിന്മാറിയ ബി.എം.എസിന്‍െറ നടപടി വഞ്ചനയാണ്. എങ്കിലും അത് തൊഴിലാളി ഐക്യത്തെ ബാധിക്കില്ല. കല്‍ക്കരി ഖനികള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബി.എം.എസ് യൂനിയനിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. 2015 സെപ്റ്റംബര്‍ രണ്ടിനും ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ ദേശീയതലത്തില്‍ പണിമുടക്ക് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
2015 ആഗസ്റ്റില്‍ രണ്ടുവട്ടം ട്രേഡ് യൂനിയനുകളുമായി ഈ സമിതി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന അഴകൊഴമ്പന്‍ ഉറപ്പുമാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ട്രേഡ് യൂനിയനുകളുമായി ഒരുവട്ടം പോലും ഈ സമിതി ചര്‍ച്ച നടത്തിയിട്ടില്ല. പകരം, പണിമുടക്കിന് നോട്ടീസ് നല്‍കാത്ത ബി.എം.എസുമായി മാത്രം രണ്ടുദിവസം ചര്‍ച്ച നടത്തി. അത് യഥാര്‍ഥത്തില്‍ പണിമുടക്ക് പൊളിക്കാനുള്ള ഗൂഢാലോചനയാണ്.
ഇതിന്‍െറ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം മിനിമം കൂലി കൂട്ടിയെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അശോക് സിങ് (ഐ.എന്‍.ടി.യു.സി), അമര്‍ജിത്ത് കൗര്‍ (എ.ഐ.ടി.യു.സി), ജി. ദേവരാജന്‍ (ടി.യു.സി.സി), ഹര്‍ഭജന്‍ സിങ് സിദ്ദു (എച്ച്.എം.എസ്) തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.