മധ്യപ്രദേശിലെ ഗോമാംസ വിവാദം: മാട്ടിറച്ചിക്കും ആട്ടിറച്ചിക്കും കോഴിയിറച്ചിക്കും വിലക്ക്
text_fields
ന്യൂഡല്‍ഹി: ഗോമാംസം സൂക്ഷിച്ചെന്ന ആരോപണം നേരിടുന്ന ബി.ജെ.പി നേതാവിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ ദേശസുരക്ഷാ നിയമം ചുമത്തി. ബി.ജെ.പി ന്യൂനപക്ഷ സെല്‍ ജില്ലാ വൈസ് പ്രസിഡന്‍റ് അന്‍വര്‍ മേവിനും മക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെയാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയത്. ഗോമാംസ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ താലൂക്കിലെ എല്ലാ ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി കടകളും അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതിന് പിറകെയാണിത്.
ഫ്രീഗഞ്ച് ടോങ്ക് ഖുര്‍ഡിലെ വീട്ടില്‍നിന്ന് ഹിന്ദുത്വ തീവ്രവാദി സംഘടനാ പ്രവര്‍ത്തകര്‍ മാട്ടിറച്ചി കണ്ടെടുത്തതിനെ തുടര്‍ന്ന് അണ്ണ എന്ന അന്‍വറിനെ ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍വറും മക്കളും സഹോദരങ്ങളും അനന്തരവന്മാരുമടക്കം ഒമ്പതു പേരെ പ്രതികളാക്കുകയും ചെയ്തു. ഒളിവില്‍ പോയ രണ്ടു പേരൊഴികെ അറസ്റ്റിലായവരെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലായി ജയിലിലാണ്. പിടികൂടിയ മാട്ടിറച്ചി ഗോമാംസമാണെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അന്‍വറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ഗോമാംസം സൂക്ഷിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
അതിനിടെ, ഗോമാംസ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ താലൂക്കിലെ എല്ലാ ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി കടകളും മൂന്നു ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടു. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ക്കും മധ്യപ്രദേശ് പൊലീസിനും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. ഹിന്ദുത്വ തീവ്രവാദികള്‍ നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് തഹസില്‍ദാറുടെ ഉത്തരവ്. ഉത്തരവ് വിവാദമായതോടെ പട്ടണത്തില്‍നിന്ന് ഇത്തരം കടകള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാനാണ് നിര്‍ദേശം നല്‍കിയതെന്ന് തഹസില്‍ദാര്‍ ന്യായീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.