സോണിയക്കെതിരെ തെളിവ് നൽകിയാൽ നാവികരെ വിട്ടയക്കാമെന്ന മോദിയുടെ വാഗ്ദാനം പുറത്ത്
text_fieldsന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച ഹെലികോപ്ടർ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെളിവ് നൽകിയാൽ കടൽകൊല കേസ് പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നൽകിയതായി വെളിപ്പെടുത്തൽ. സോണിയക്കും കുടുംബത്തിനും പങ്കുണ്ടെന്നതിന്‍റെ തെളിവുകൾ ഇറ്റലി കൈമാറിയാൽ നാവികരെ മോചിപ്പിക്കാമെന്ന മോദിയുടെ വാഗ്ദാനം ബ്രിട്ടീഷ് ആയുധ ഏജന്‍റ് ക്രിസ്ത്യൻ മിഷേലാണ് പുറത്തുവിട്ടത്.
ക്രിസ്ത്യൻ മിഷേൽ കടൽകൊല കേസ് കൈകാര്യം ചെയ്യുന്ന രാജ്യാന്തര കോടതിക്ക് 2015 ഡിസംബർ 23ന് അയച്ച കത്തിലാണ് മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ദ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഹാംബർഗിലെ ഇന്‍റർനാഷണൽ ട്രൈബ്യൂണൽ ഒാഫ് ലോ ഒാഫ് ദ് സീസ്, ഹേഗിലെ പെൻമെനന്‍റ് കോർട്ട് ഒാഫ് ആർബിട്രേഷൻ എന്നിവക്കാണ് ക്രിസ്ത്യൻ മിഷേൽ വിവാദ കത്തുകൾ അയച്ചത്.
കഴിഞ്ഞ വര്‍ഷം ന്യൂയോർക്കിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മെറ്റിയോ റൻസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെളിവ് കൈമാറാൻ മോദി ആവശ്യപ്പെട്ടത്. യു.എൻ പൊതുസഭാ സമ്മേളനത്തിനിടെയാണ് ഇരു പ്രധാനമന്ത്രിമാർ തമ്മിൽ മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ച നടന്നത്. സോണിയയുടെ കുടുംബത്തിന് പങ്കുള്ള ഹെലികോപ്ടർ ഇടപാടിലെ തെളിവുകൾ കൈമാറിയാൽ നാവികരെ വിട്ടയക്കുന്ന കാര്യത്തിൽ ഇടപെടാമെന്ന് മോദി നിർദേശം വെച്ചതായും ക്രിസ്ത്യൻ മിഷേൽ കത്തിൽ പറയുന്നു.
മോദിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും ഇതിൽ ഉറച്ചു നിൽക്കുന്നതായും ക്രിസ്ത്യൻ മിഷേൽ ദുബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മിഷേലിന്‍റെ ആരോപണം അപഹാസ്യമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.
2010ൽ ഇറ്റാലിയന്‍ ആയുധ കമ്പനി ഫിന്‍മെക്കാനിക്കയുടെ സഹസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങാൻ 3,600 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഏർപ്പെട്ടത്. ഇടപാട് നടത്താൻ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈക്കൂലി നല്‍കിയെന്ന് ഫിന്‍മെക്കാനിക്കയുടെ എക്സിക്യൂട്ടീവ് മൊഴി നൽകിയതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
ഇതേതുടർന്ന് 2013ൽ ഹെലികോപ്ടർ കരാർ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി റദ്ദാക്കി. കൈക്കൂലി വാങ്ങിയവരുടെ പട്ടികയിൽ മുൻ വ്യോമസേന മേധാവി എസ്.പി ത്യാഗിയുടെ പേരും ഉൾപ്പെട്ടിരുന്നു. ഹെലികോപ്ടർ ഇടപാടിൽ ഇന്ത്യൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തേടിക്കൊണ്ടിരിക്കുന്ന ആളാണ് ബ്രിട്ടീഷ് ആയുധ ഏജന്‍റായ ക്രിസ്ത്യൻ മിഷേൽ.
2012 ഫെബ്രുവരിയിലാണ് കേരളാ കടൽ തീരത്തുവെച്ച് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മീൻപിടിത്തക്കാർ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.