മാലേഗാവ് സ്ഫോടനം: ‘മകോക’ യില്‍ സംശയമെന്ന് എന്‍.ഐ.എ
text_fieldsമുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ചുമത്താന്‍ വകുപ്പില്ളെന്ന് പ്രത്യേക മകോക കോടതിയില്‍ എന്‍.ഐ.എ. മകോകയുടെ നിയമസാധുതയില്‍ അന്വേഷണ ഉദ്യോഗസ്ഥനും നിയമോപദേശകര്‍ക്കും സംശയമുണ്ടെന്നും അതിനാല്‍ അറ്റോണി ജനറലിന്‍െറ ഉപദേശം തേടിയിരിക്കുകയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ അവിനാഷ് റസല്‍ കോടതിയില്‍ പറഞ്ഞു.
കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, സന്യാസിമാരായ ദയാനന്ദ പാണ്ഡെ, പ്രജ്ഞ സിങ് താക്കൂര്‍, റിട്ട. മേജര്‍ ഉപാധ്യായ് എന്നിവരടക്കം 11 പ്രതികള്‍ക്കെതിരെ കുറ്റംചുമത്താനിരിക്കെയാണ് പ്രോസിക്യൂഷന്‍ കുറ്റംചുമത്തല്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. അറ്റോണി ജനറലിന്‍െറ അഭിപ്രായം ആരാഞ്ഞിരിക്കെ ഇനി മറുപടി വന്നശേഷമേ കുറ്റം ചുമത്താനാകൂ എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആര്‍ക്കാണ് സംശയമെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണ ചുമതലയുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥനും നിയമോപദേശകര്‍ക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞത്. വാദം അംഗീകരിച്ച കോടതി, നടപടി അടുത്ത 15ലേക്ക് മാറ്റി.
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രതികള്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കാന്‍ ഇടനിലക്കാരന്‍ വഴി സന്ദേശം ലഭിച്ചെന്ന് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സാലിയാനെ എന്‍.ഐ.എയുടെ അഭിഭാഷക ചുമതലയില്‍നിന്ന് മാറ്റി. സാലിയാന്‍െറ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ് എന്‍.ഐ.എ നിലപാട്.
പ്രതികള്‍ക്കെതിരെ ‘മകോക’ സാധുവാകുമോ എന്ന് അറ്റോണി ജനറലിനോട് ഒരാഴ്ച മുമ്പാണ് എന്‍.ഐ.എ നിയമോപദേശം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.