കശ്മീർ തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തണമെന്ന് പാക് പാർലമെന്‍ററി സമിതി
text_fieldsഇസ് ലാമാബാദ്: കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകൾക്ക് നൽകുന്ന സഹായങ്ങൾ നവാസ് ശരീഫ് സർക്കാർ നിർത്തണമെന്ന് പാകിസ്താൻ പാർലമെന്‍ററി സമിതി. രാജ്യാന്തര രംഗത്തെ ആശങ്കകൾ പരിഹരിക്കാൻ പാക് സർക്കാർ ഒന്നും ചെയ്യുന്നില്ല. മേഖലയിൽ അക്രമങ്ങൾ നടത്തുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടി വേണമെന്നും പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു. വിദേശകാര്യത്തിനുള്ള ദേശീയ അസംബ്ലി സ്റ്റാൻഡിങ് കമ്മിറ്റി പുറത്തിറക്കിയ നാല് പേജുള്ള നയരേഖയിലാണ് കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളെ കുറിച്ച് പരാമർശമുള്ളത്. പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്) വിഭാഗം നേതാവും പാർലമെന്‍റ് അംഗവുമായ അവൈസ് അഹമ്മദ് ലഹാരിയാണ് സമിതി അധ്യക്ഷൻ.
കശ്മീർ, ജലം, വ്യാപാരം, സംസ്കാരവും വിനിമയവും എന്നീ നാല് പ്രധാന വിഷയങ്ങളിലാണ് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തേണ്ടത്. കശ്മീർ വിഷയത്തിൽ പരിഹാരം കാണണം. ഉറച്ച നയതന്ത്ര, ധാർമിക പിന്തുണയാകണം കശ്മീരികൾക്ക് പാകിസ്താൻ നൽകേണ്ടത്. ജലം പങ്കിടൽ വിഷയത്തിൽ ഒതുങ്ങാതെ സമഗ്ര ചർച്ചയാണ് വേണ്ടത്. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യാന്തര വേദികളിൽ ഉയർത്തി കൊണ്ടു വരണമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുമായി അനൗപചാരികമായി നടത്തുന്ന വ്യാപാരം കുറച്ചു കൊണ്ടുവരാൻ പാകിസ്താൻ ശ്രമിക്കണം. കസ്റ്റംസ് വിഭാഗവും അതിർത്തി സുരക്ഷാസേനയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. വിസാ നടപടികളിൽ ഇളവ് വരുത്തിയാൽ അനൗപചാരിക വ്യാപാരം നിയന്ത്രിക്കാമെന്നും നയരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.