സോനുവിന്‍റെ ആകാശ ഗാനമേള; ജെറ്റ് ജീവനക്കാർക്കെതിരെ നടപടി
text_fieldsന്യൂഡൽഹി: പ്രശസ്ത ഗായകൻ സോനു നിഗമിന്‍റെ ആകാശഗാനമേളയെ തുടർന്ന് അഞ്ച് എയർഹോസ്റ്റസുകൾക്ക് സ്ഥലംമാറ്റം. വിമാനത്തിലെ ജീവനക്കാർ ഉപയോഗിക്കുന്ന മൈക്ക് ഉപയോഗിക്കാൻ യാത്രാക്കാരനെ അനുവദിച്ചതിനെതിരെയാണ് നടപടി.
ജനുവരി 4നായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. ജോധ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ചാർട്ടേഡ് ഫ്ളൈറ്റിലെ യാത്രക്കാരെല്ലാം മുൻപരിചയമുള്ളവർ. യാത്രക്കാർ തന്നെയാണ് സോനു നിഗമിനോട് പാടാനാവശ്യപ്പെട്ടത്. അഭ്യർഥനയെ തുടർന്ന് സോനു നിഗം വീർ സാറയിലെ ഗാനവും റഫ്യൂജിയിലെ ഗാനവുമടക്കം രണ്ടു പാട്ടുകൾ പാടി.
യാത്രക്കാരിൽ ചിലർ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാവുകയായിരുന്നു. ഗായകനോടൊപ്പം യാത്രാക്കാരും പാടുന്നതോടെ നിങ്ങളെല്ലാവരും ഗായകരാണല്ലോ എന്ന് സോനു ചോദിക്കുന്ന ദൃശ്യങ്ങളുമുണ്ട് വീഡിയോയിൽ.
സോഷ്യൽ മീഡിയയിൽ ഏറെപേർ കണ്ട വീഡിയോ, സിവിൽ ഏവിയേഷൻ ഡയറക്ടേറേറ്റിന് രുചിച്ചില്ല. വിമാനത്തിലെ അനൗൺസ്മെന്‍റ് സിസ്റ്റം യാത്രാക്കാരനെ ഉപയോഗിക്കാൻ അനുവദിച്ചതിനെതിരെ ഫ്ളൈറ്റിലെ അഞ്ച് എയർഹോസ്റ്റസുകൾക്കെതിരെ നടപടിയെടുക്കാൻ ഡയറക്ടറേറ്റ് ശിപാർശ ചെയ്തു. തുടർന്ന് ഇവരെ ഫ്ളൈറ്റിൽ നിന്നും ഗ്രൗണ്ട് ഡ്യൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ് ജെറ്റ് എയർവേയ്സ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.