കശ്മീര്‍ പ്രതിസന്ധി: കേന്ദ്രത്തിന് മെഹബൂബയുടെ മുന്നറിയിപ്പ്
text_fieldsശ്രീനഗര്‍: പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ളെങ്കില്‍ സംസ്ഥാനത്ത് ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാനും തയാറാകുമെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഉടലെടുത്ത ഭരണപ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് മെഹബൂബയുടെ മുന്നറിയിപ്പ്.
സര്‍ക്കാര്‍ രൂപവത്കരണത്തിനുമുമ്പ് അനുകൂല സാഹചര്യമൊരുക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രത്തില്‍നിന്ന് ആവശ്യപ്പെടുന്നതെന്ന് ജമ്മുവില്‍ നടന്ന യോഗത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ‘ബ്ളാക്മെയിലിങ്’ തന്ത്രമായി വ്യാഖ്യാനിക്കരുതെന്നും അവര്‍ പറഞ്ഞു. ശൂന്യതയില്‍നിന്ന് സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ സല്‍പേര് നിലനിര്‍ത്താനുള്ള ക്രിയാത്മക നടപടികളാണ് വേണ്ടത്. അതിന് കേന്ദ്രത്തിന്‍െറ പിന്തുണ ആവശ്യമാണ്. അത് കിട്ടിയാല്‍ നല്ലത്. ഇല്ളെങ്കില്‍, ഇതുവരെ എത്തിയതുപോലെ നാം മുന്നോട്ടുപോകും -അവര്‍ പറഞ്ഞു.
പുതുതായി ആവശ്യപ്പെടുന്ന നടപടികള്‍ സാമ്പത്തികമല്ളെന്നും രാഷ്ട്രീയമാണെന്നുമുള്ള സൂചനയും അവര്‍ നല്‍കി. വിഘടനവാദികളുമായും പാകിസ്താനുമായും സമാധാന ചര്‍ച്ച നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് രാഷ്ട്രീയ നടപടികള്‍ എന്നതുകൊണ്ട് മെഹബൂബ ഉദ്ദേശിക്കുന്നതെന്ന് അവരോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണത്തിനുശേഷം ഗവര്‍ണര്‍ ഭരണത്തിലാണ് സംസ്ഥാനം. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ രണ്ട് ഉപദേശകരെയും നിയമിച്ചു. ഗവര്‍ണര്‍ ഭരണം നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്രം മടിക്കില്ളെന്ന സൂചനയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.