ടൂറിസം വകുപ്പിനു പിന്നാലെ സ്നാപ്ഡീലും ആമിറിനെ ഒഴിവാക്കുന്നു
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ ടൂറിസത്തിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്നു ഒഴിവാക്കിയതിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനുമായുള്ള കരാര്‍ ഒഴിവാക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനമായ സ്നാപ്ഡീലും ആലോചിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചതിനു പിന്നാലെയാണ് പത്തു വര്‍ഷമായി തുടരുന്ന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് ആമിറിനെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.
പ്രതിഫലം വാങ്ങാതെയാണ് ആമിര്‍ ഇന്ത്യയുടെ ആതിഥ്യമര്യാദ വിളിച്ചോതുന്ന പരസ്യങ്ങളിലും പരിപാടിയിലും പങ്കുകൊണ്ടിരുന്നത്. എന്നാല്‍, അസഹിഷ്ണുത ഭയപ്പെടുത്തുന്നുവെന്നും കുട്ടിയുടെ ഭാവിയെക്കുറിച്ച് ഭാര്യ ആശങ്ക പ്രകടിപ്പിച്ചുവെന്നും ഗോയങ്ക അവാര്‍ഡ് വേദിയില്‍ പറഞ്ഞതോടെ മന്ത്രിമാരടക്കം സംഘ്പരിവാരം ആമിറിനെതിരെ രംഗത്തുവന്നു.
ആമിര്‍ മോഡലായ സ്ഥാപനങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് കാമ്പയിനുകളും ആരംഭിച്ചു. സ്നാപ്ഡീലിനെതിരെ ട്വിറ്ററില്‍ പ്രത്യേക ഹാഷ്ടാഗ് ഇട്ടാണ് ബഹിഷ്കരണം നടത്തിയത്. ആമിറിന്‍െറ പരാമര്‍ശത്തിനെതിരായ എതിര്‍പ്പ് അദ്ദേഹം മോഡലായ കമ്പനിയോട് പ്രകടിപ്പിക്കുന്നതിന്‍െറ ഒൗചിത്യക്കുറവ് ചോദ്യം ചെയ്ത് സ്ഥാപന അധികൃതരും രംഗത്തുവന്നിരുന്നു.
ആമിറിന് പിന്തുണ കൊടുക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നതെങ്കിലും ഇ-ഷോപ്പുകളുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം വരാനിരിക്കെ കേന്ദ്രസര്‍ക്കാറിനെ പിണക്കുന്നതു നല്ലതല്ല എന്ന നിലപാടാണ് ഇപ്പോള്‍. മാര്‍ച്ചില്‍ അവസാനിക്കുന്ന കരാര്‍ അതിനാല്‍ പുതുക്കിയേക്കില്ല. അസഹിഷ്ണുതാ വിവാദത്തിന്‍െറ പേരിലല്ല ആമിറിനെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്നു മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.