ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടതായി അസം ഖാൻ; ഇല്ലെന്ന് കേന്ദ്രസർക്കാർ
text_fieldsലക്നൗ: മിന്നൽ സന്ദർശനത്തിനിടെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ ലാഹോറിലെ വസതിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന യു.പി മന്ത്രി അസം ഖാന്‍റെ ആരോപണം കേന്ദ്രസർക്കാർ തള്ളി. അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണമാണ് അസം ഖാൻ ഉന്നയിച്ചതെന്നും കേന്ദ്ര സർക്കാർ വക്താവ് അറിയിച്ചു.
രാജ്യന്തര നിയമങ്ങൾ ലംഘിച്ച് പാകിസ്താൻ സന്ദർശിച്ച മോദി ശരീഫിന്‍റെ വീട്ടിൽവെച്ച് ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്നാണ് അസം ഖാൻ വെളിപ്പെടുത്തിയത്. ഇക്കാര്യം മോദി നിഷേധിക്കുകയാണെങ്കിൽ തെളിവ് നൽകാം. ആരെല്ലാം അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നുവെന്നും പറയാം. 2015 ഡിസംബർ 25ന് ശരീഫ്, ശരീഫിന്‍റെ മാതാവ്, ഭാര്യ, മക്കൾ എന്നിവർക്കൊപ്പം ദാവൂദും ലാഹോറിലെ വസതിയിൽ ഉണ്ടായിരുന്നുവെന്നാണ് അസം ഖാന്‍ ആരോപിച്ചത്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിമും ശരീഫിന്‍റെ പേരക്കുട്ടിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, അസം ഖാന്‍റെ പ്രസ്താവനക്കെതിരെ ഭരണകക്ഷിയായ ബി.ജെ.പി രംഗത്തെത്തി. മന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി നേതാവ് സുധൻഷു മിത്തൽ ആരോപണം ഞെട്ടിച്ചെന്ന് പ്രതികരിച്ചു.
വർഷങ്ങൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യമുള്ള രാഷ്ട്രീയ നേതാവാണ് അസം ഖാനെന്നും വാസ്തവമില്ലാത്ത പ്രസ്താവന അദ്ദേഹം നടത്താറില്ലെന്നും കോൺഗ്രസ് വക്താവ് ടോം വടക്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.