മരുന്നുകമ്പനികളുടെ സമ്മാനം വാങ്ങിയാല്‍ ഡോക്ടര്‍ കുടുങ്ങും
text_fieldsന്യൂഡല്‍ഹി: മരുന്നുകമ്പനികളില്‍നിന്ന് സമ്മാനവും കമീഷനുംപറ്റി രോഗികള്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ അടിച്ചേല്‍പിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിലക്കുവരുന്നു. വാങ്ങിയ സമ്മാനത്തിന്‍െറ വില കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആലോചിക്കുന്നത്.
5000 മുതല്‍ 10,000 രൂപവരെ മൂല്യമുള്ള പാരിതോഷികമോ മറ്റെന്തെങ്കിലും സൗജന്യമോ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ പേര് മൂന്നു മാസത്തേക്ക് ദേശീയ-സംസ്ഥാന രജിസ്റ്ററുകളില്‍നിന്ന് നീക്കംചെയ്യുന്ന വിധത്തില്‍ മാര്‍ഗരേഖകള്‍ തയാറായിക്കഴിഞ്ഞു. രജിസ്റ്ററില്‍നിന്ന് നീക്കംചെയ്യപ്പെട്ട കാലയളവില്‍ പ്രാക്ടീസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയില്ല. ലക്ഷമോ അതിലേറെയൊ വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷമെങ്കിലും ജോലി നിര്‍ത്തിവെക്കേണ്ടിവരുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (തൊഴില്‍സമീപന, മര്യാദ, ധാര്‍മിക) ചട്ട ഭേദഗതി 2015ല്‍ പറയുന്നു.
നിയമലംഘകരായ ഡോക്ടര്‍മാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചാണ് ഭേദഗതി തയാറാക്കിയതെന്ന് കൗണ്‍സില്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സൗജന്യങ്ങള്‍ സ്വീകരിക്കരുതെന്ന് 2009ല്‍ കൗണ്‍സില്‍ പുറത്തിറക്കിയ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ കൗണ്‍സിലിന്‍െറ സദാചാര കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍, പല ഡോക്ടര്‍മാരും സമ്മാനങ്ങള്‍ സ്വീകരിച്ച് മരുന്നു കുറിക്കുന്നത് നിര്‍ബാധം തുടര്‍ന്നിട്ടും കാര്യമായ നടപടികളൊന്നും സ്വീകരിക്കപ്പെട്ടില്ല.
ഏതാനും നാള്‍ മുമ്പ് മഹാരാഷ്ട്രയില്‍ ആഭരണങ്ങളും ഫ്ളാറ്റുകളും വിദേശയാത്രകളും തരപ്പെടുത്തിയ 326 ഡോക്ടര്‍മാരെ മഹാരാഷ്ട്രയിലെ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. 2015ല്‍ മരുന്നുകമ്പനികള്‍ സ്വമേധയാ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അത് നിര്‍ബന്ധ നിയമമായി നടപ്പാക്കണം എന്ന ആവശ്യത്തിന് ഇനിയും തീരുമാനമായിട്ടില്ല. ചില മരുന്നുകമ്പനികളും അവരുടെ നിര്‍ദേശാനുസരണം അനാവശ്യമായി മരുന്നുകുറിക്കുന്ന ഡോക്ടര്‍മാരും ചേര്‍ന്നുള്ള കളികളാണ് മരുന്നുവിപണിയില്‍ വില കുതിച്ചുകയറ്റത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
ഏറെ ഫലപ്രദമായ വിലകുറഞ്ഞ മരുന്ന് വിപണിയില്‍ ലഭ്യമാണെന്നിരിക്കെ ചില പ്രത്യേക കമ്പനികളുടെ അതേ ഗുണവും പതിന്മടങ്ങ് വിലയുമുള്ള മരുന്നുകള്‍തന്നെ ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പറയാറുണ്ട്. ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എന്നപേരില്‍ മരുന്നുകമ്പനികള്‍ നീക്കിവെക്കുന്ന പണം പുതിയ മരുന്നുകള്‍ പരീക്ഷിച്ച് ആരോഗ്യമേഖലക്ക് നേട്ടമുണ്ടാക്കാനല്ല, ഡോക്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കാനാണ് ചെലവിടുന്നത്. കൃത്യമായ ശാസ്ത്രീയ പഠന-നിരീക്ഷണങ്ങളിലൂടെ ഗുണകരമെന്ന് വെളിപ്പെടുകയും മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാത്ത ഉല്‍പന്നങ്ങള്‍ നല്ലതെന്ന് ശിപാര്‍ശ ചെയ്ത് രോഗികള്‍ക്ക് നല്‍കുന്ന ഡോക്ടര്‍മാരും ഇനി കുടുങ്ങും. ആദ്യതവണ താക്കീതും ആവര്‍ത്തിച്ചാല്‍ ഇവരുടെ പേരുവെട്ടലുമാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.