മൂന്നു വര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയുടെ കിട്ടാക്കടം
text_fieldsന്യൂഡല്‍ഹി: മഴ ചതിച്ച് കൃഷിനാശം സംഭവിച്ച് കുത്തുപാളയെടുത്ത കര്‍ഷകരെയും പഠന വായ്പ എടുത്ത വിദ്യാര്‍ഥികളെയും ജപ്തിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി എഴുതിത്തള്ളിയ കിട്ടാക്കടം 1.14 ലക്ഷം കോടി രൂപ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 29 ബാങ്കുകള്‍ കാണിച്ച ‘മഹാമനസ്കത’ വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്കാണ് പുറത്തുവിട്ടത്.
ബാങ്കുകള്‍ കിട്ടാക്കടം തിരിച്ചുപിടിച്ച് സാമ്പത്തികനില ഭദ്രമാക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിരന്തരം നിര്‍ദേശിക്കുന്നതിനിടയിലാണിത്. ആരാണ് ഏറ്റവുമധികം തിരിച്ചടക്കാനുള്ളത്, നൂറുകോടിക്കു മുകളിലെ കടം ഇളവുകിട്ടിയവര്‍ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് ആര്‍.ബി.ഐ മറുപടി നല്‍കിയത്. എന്നാല്‍, ഏറ്റവുമധികം എഴുതിത്തള്ളിയ ബാങ്കുകളുടെ കണക്ക് ലഭ്യമായിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നില്‍. 40,084 കോടി രൂപയാണ് എസ്.ബി.ഐ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇളവു നല്‍കിയത്. പി.എന്‍.ബി 9531 കോടി, ഐ.ഒ.ബി 6247കോടി, ബാങ്ക് ഓഫ് ഇന്ത്യ 4983 കോടി, ബാങ്ക് ഓഫ് ബറോഡ 4884, കനറാ ബാങ്ക് 4598 കോടി, സെന്‍ട്രല്‍ ബാങ്ക് 4442 കോടി, അലഹബാദ് ബാങ്ക് 4243 കോടി, സിന്‍ഡിക്കേറ്റ് ബാങ്ക് 3849 കോടി, ഓറിയന്‍റല്‍ ബാങ്ക് 3593 എന്നിങ്ങനെയാണ് മറ്റു പ്രധാന ബാങ്കുകള്‍ നല്‍കിയ ഇളവ്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനും അഞ്ചുവര്‍ഷത്തിനിടെ കിട്ടാക്കടം ഒട്ടുമില്ല. കുറച്ചു വര്‍ഷങ്ങളായി വ്യവസായ ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇരട്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.