സ്ഥാനാര്‍ഥി മോഹികളില്‍നിന്ന് അണ്ണാ ഡി.എം.കെക്ക് കിട്ടിയത് 28 കോടി
text_fieldsകോയമ്പത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയില്‍ സ്ഥാനാര്‍ഥി മോഹികളില്‍നിന്ന് അപേക്ഷാഫീസായി പിരിച്ചെടുത്തത് 28 കോടിയില്‍പരം രൂപയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ജനുവരി 20 മുതല്‍ ഫെബ്രുവരി ആറു വരെ തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്നാണ് അപേക്ഷ സ്വീകരിച്ചത്. പൂരിപ്പിച്ച അപേക്ഷകള്‍ ചെന്നൈ അണ്ണാ ഡി.എം.കെ ആസ്ഥാനത്താണ് സമര്‍പ്പിച്ചത്. അപേക്ഷാഫീസായി 11,000 രൂപയും ഈടാക്കിയിരുന്നു. മൊത്തം 26,174 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 7,936 അപേക്ഷകള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിതക്ക് വേണ്ടിയായിരുന്നു. പാര്‍ട്ടിയിലെ ഭാരവാഹികളും പ്രവര്‍ത്തകരും തങ്ങളുടെ മണ്ഡലത്തില്‍ ജയലളിത മത്സരിക്കണമെന്ന് അഭ്യര്‍ഥിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളിലേക്ക് 17,698 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. പുതുച്ചേരിയില്‍ 332 പേരും കേരളത്തില്‍ 208 പേരും അപേക്ഷ നല്‍കി. ഓരോ മണ്ഡലത്തില്‍നിന്നും മൂന്നു പേരുകള്‍ ഉള്‍പ്പെട്ട പാനല്‍ തെരഞ്ഞെടുത്ത് സ്ക്രീനിങ് കമ്മിറ്റി ജയലളിതക്ക് സമര്‍പ്പിക്കും. ഇവരെ ജയലളിത നേരിട്ട് അഭിമുഖം നടത്തിയതിന് ശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഡി.എം.കെ, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികളും മത്സരാര്‍ഥികളില്‍നിന്ന് വന്‍തുക ഫീസായി ഈടാക്കി അപേക്ഷ സ്വീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.