രാജ്യത്ത് ലിംഗസമത്വം പുലര്‍ന്നില്ല –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഭരണഘടന വിഭാവനചെയ്യുന്ന ലിംഗസമത്വം രാജ്യത്ത് ഇനിയും പുലര്‍ന്നിട്ടില്ളെന്നും സാമ്പത്തിക ശാക്തീകരണത്തിലൂടെമാത്രം സ്ത്രീശാക്തീകരണം സാധ്യമല്ളെന്നും സുപ്രീംകോടതി വ്യക്തമാക്കി. വയസ്സുനോക്കി സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരെ ഛത്തിസ്ഗഢിലെ വനിതാ ഡിവൈ.എസ്.പി റിച്ചാ മിശ്ര സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചാണ് സുപ്രീംകോടതി ഇതിനകം സജീവമാക്കിയ സ്ത്രീ സ്വാതന്ത്ര്യ ചര്‍ച്ചയിലേക്ക് ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. സപ്രെ എന്നിവരടങ്ങുന്ന ബെഞ്ച് ഒരധ്യായം കൂടി ചേര്‍ത്തത്.
‘ഭരണഘടന പറയുന്ന ലിംഗസമത്വം ഇന്ത്യയില്‍ ഇനിയുമായിട്ടില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂരിപക്ഷം സ്ത്രീകളും ഇപ്പോഴും ആശ്രിതരാണ്. വിദ്യാഭ്യാസം, ആരോഗ്യം, നയരൂപവത്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന് സുവ്യക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകണം. ഇന്ത്യയില്‍ സ്ത്രീകള്‍ ലിംഗപരമായ വിവേചനത്തിന് ഇരകളാക്കപ്പെടുകയാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം പുരുഷനൊപ്പം സ്ത്രീയും സവിശേഷമായ തുല്യതാ പദവിക്ക് അര്‍ഹതയുണ്ട്. യാഥാര്‍ഥ്യമാകട്ടെ, ഈ ഭരണഘടനാപദവി നേടിയെടുക്കാന്‍ ഇനിയും ദീര്‍ഘദൂരം താണ്ടേണ്ടതുണ്ട് എന്നതാണ് താനും. സാമ്പത്തിക ശാക്തീകരണം കൂടിയുണ്ടെങ്കില്‍ മാത്രമേ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നന്നായി അനുഭവിക്കുന്ന അവസ്ഥയിലേക്ക് അവര്‍ എത്തുകയുള്ളൂ. കുറച്ചുകാലം മുമ്പുവരെ സ്ത്രീകളോട് നന്നായി പെരുമാറുക എന്നതിലായിരുന്നു നമ്മള്‍ കേന്ദ്രീകരിച്ചിരുന്നത്.
എന്നാലിപ്പോള്‍ ശ്രദ്ധ സാമ്പത്തിക ശാക്തീകരണത്തിലേക്ക് മാറിയിരിക്കുന്നു. എന്നാല്‍, സാമ്പത്തിക ശാക്തീകരണത്തിനും സ്ത്രീ ശാക്തീകരണത്തിനുമിടയില്‍ ഇരുദിശകളിലേക്കുമുള്ള ബന്ധമുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്കാര്യം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ വിശദീകരിച്ചതെങ്ങനെയെന്നും സുപ്രീംകോടതി വിധിയില്‍ എടുത്തുപറഞ്ഞു. വികസന കാര്യങ്ങളില്‍ പൊതുവിലും ആരോഗ്യം, വിദ്യാഭ്യാസം, അവകാശങ്ങള്‍, സമ്പാദ്യത്തിനുള്ള അവസരങ്ങള്‍, രാഷ്ട്രീയ പങ്കാളിത്തം എന്നിവയില്‍ വിശേഷിച്ചും ഭാഗധേയം നേടിയെടുക്കാനുള്ള ഒരു സ്ത്രീയുടെ കഴിവിനെയാണ് സ്ത്രീശാക്തീകരണം എന്നതുകൊണ്ട് ഇപ്പോള്‍ അര്‍ഥമാക്കുന്നത്. പൂര്‍ണമായ സ്ത്രീപുരുഷ സമത്വം കൊണ്ടുവരുന്നതിന് സാമ്പത്തിക വികസനം മാത്രം പോരായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലിംഗ സമത്വം നേടിയെടുക്കുന്നതിനുള്ള നയപരിപാടികള്‍കൂടി വേണം. സ്ത്രീശാക്തീകരണം വികസനത്തെ ത്വരിതമാക്കുമെന്നതിനാല്‍ അത്തരം നയപരിപാടികള്‍ക്ക് വ്യക്തമായ ന്യായീകരണവുമുണ്ട്.
അതിനാല്‍, സാമ്പത്തികമായി സ്വതന്ത്രമാക്കുകയും ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാന്‍ സ്വയം പ്രാപ്തമാക്കുകയും വികസന പ്രക്രിയയില്‍ പങ്കാളിയാകാന്‍ അവരെ യോഗ്യരാക്കുകയുമാണ് സ്ത്രീശാക്തീകരണമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. വനിതാ ശാക്തീകരണത്തിനായി ജസ്റ്റിസ് എ.കെ. സിക്രി കുറിച്ച ഈ വാചകങ്ങളോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് ജസ്റ്റിസ് സപ്രെ വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.