ഹനുമന്തപ്പയുടെ നില അതീവഗുരുതരം
text_fieldsന്യൂഡല്‍ഹി: സിയാചിനിലെ മഞ്ഞുപാളിക്കടിയില്‍ ആറുനാള്‍ മരണത്തോട് പൊരുതി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില അതീവഗുരുതരമായി തുടരുന്നു. ധീര സൈനികന്‍െറ തിരിച്ചുവരവിനായി രാജ്യം ഏകമനസ്സോടെ പ്രാര്‍ഥന തുടരവെ, 33കാരന്‍െറ നില കൂടുതല്‍ വഷളായതായി ഡല്‍ഹി ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ‘കോമ’ അവസ്ഥയിലുള്ള ഇദ്ദേഹം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചൊവ്വാഴ്ച ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൈനികന് സാധ്യമായ എല്ലാ ചികിത്സകളും നല്‍കുന്നുണ്ടെന്നും എന്നാല്‍,ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ളെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആറു നാള്‍ മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് കൊടുംതണുപ്പില്‍ കഴിയേണ്ടി വന്ന സൈനികന്‍െറ വൃക്കകളും കരളും തകരാറിലാണ്. രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ബുധനാഴ്ച ആര്‍മി ആശുപത്രിയിലത്തെി ഹനുമന്തപ്പയുടെ ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞു. സൈനികനുവേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രാര്‍ഥനയും ഐക്യദാര്‍ഢ്യ സന്ദേശങ്ങളും പ്രവഹിക്കുകയാണ്. സൈനികനെ രക്ഷിക്കാന്‍ വൃക്കയും കരളും ദാനം ചെയ്യാന്‍ തയാറായി നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.
ഫെബ്രുവരി മൂന്നിനാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ലെഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറില്‍ സമുദ്രനിരപ്പില്‍ നിന്ന് 19600 അടി ഉയരത്തിലുള്ള സൈനിക ടെന്‍റിന് മുകളില്‍ വന്‍ ഹിമപാതമുണ്ടായത്. ഉയരത്തില്‍നിന്നും മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ട കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് ഉള്‍പ്പെടെ പത്തു സൈനികരും മരിച്ചുവെന്നാണ് ആദ്യം കരുതിയത്. രണ്ട് ദിവസത്തിനുശേഷം സൈനികരുടെ മരണം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഹനുമന്തപ്പയില്‍ ജീവന്‍െറ തുടിപ്പുകള്‍ തിരിച്ചറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.