ബംഗാളിൽ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊടി
text_fieldsന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മമതയുടെ തൃണമൂലിനെതിരെ പരമ്പരാഗത ശത്രു കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിന് ഇടതുമുന്നണിയുടെ പച്ചക്കൊടി. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ സി.പി.എം ആസ്ഥാനത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗം കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കി.
കോണ്‍ഗ്രസുമായി ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണിയിലെ മുഖ്യകക്ഷി സി.പി.എമ്മിന്‍െറ സംസ്ഥാന സമിതി യോഗം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് ഇടതുമുന്നണിയുടെ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ഗുണ്ടാഭരണത്തിനെതിരെ ജനാധിപത്യം പുന$സ്ഥാപിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുമായി സഖ്യമാ കാമെന്നാണ് തീരുമാനമെന്ന് ഇടതുമുന്നണി യോഗത്തിന് ശേഷം മുന്നണി ചെയര്‍മാനും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പറഞ്ഞു. കോണ്‍ഗ്രസ് സഖ്യമെന്ന ആശയം സി.പി.എം മുന്നോട്ടുവെച്ചപ്പോള്‍ സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ളോക് തുടങ്ങിയ ഇടതു ഘടകകക്ഷികള്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. ബംഗാള്‍ ഘടകം സെക്രട്ടറി സൂര്യകാന്ത് മിശ്ര ഘടകകക്ഷി നേതാക്കളുമായി നടത്തിയ തുടര്‍ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലപാട്.
കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ഏകസ്വരത്തിലാണ് തീരുമാനിച്ചതെന്ന് സി.പി.എം വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ ഏകാഭിപ്രായമില്ല. മമതക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റുവഴിയില്ളെന്ന പരിതാപകരമായ സാഹചര്യത്തില്‍ പി.ബി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമടങ്ങിയ പ്രബല വിഭാഗം കോണ്‍ഗ്രസ് സഖ്യത്തിനായി വാദിക്കുമ്പോള്‍ സംസ്ഥാന സമിതിയില്‍ 20ലേറെ പേര്‍ എതിരഭിപ്രായമുള്ളവരാണ്. സംസ്ഥാന സമിതിയില്‍ എതിരഭിപ്രായത്തിന് പിന്തുണ കിട്ടാതിരിക്കാന്‍ കൂടിയാണ് ഇടതുമുന്നണി വിളിച്ച് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
സംസ്ഥാന സമിതിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേന്ദ്ര പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. യെച്ചൂരി കോണ്‍ഗ്രസ് അനുകൂല നിലപാടിനൊപ്പം നില്‍ക്കുമ്പോള്‍ കാരാട്ടിന് കടുത്ത എതിര്‍പ്പാണുള്ളത്. സംസ്ഥാന സമിതി സഖ്യത്തെ പിന്തുണച്ച് പ്രമേയം പാസാക്കാനാണ് സാധ്യത. അതില്‍ 17,18 തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി എന്തു തീരുമാനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.