കോണ്‍ഗ്രസ് ബന്ധം: ബംഗാള്‍ സി.പി.എം തീരുമാനം ഇന്ന്
text_fieldsന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് തീരുമാനിക്കാന്‍ സി.പി.എമ്മിന്‍െറ നിര്‍ണായക സംസ്ഥാന നേതൃയോഗം കൊല്‍ക്കത്തയില്‍ തുടങ്ങി. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം തുടങ്ങിയ സംസ്ഥാനസമിതി ശനിയാഴ്ചയും തുടരും.
മുതിര്‍ന്നനേതാക്കളടക്കം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നിരിക്കെ, സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതിയോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട എതിരഭിപ്രായങ്ങള്‍ മാത്രമേ ഉയര്‍ന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പരമ്പരാഗത ശത്രു കോണ്‍ഗ്രസുമായി ചേരാനുള്ള പ്രമേയം സംസ്ഥാനസമിതി പാസാക്കും. തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സഖ്യം നടപ്പാക്കാന്‍ സാധിക്കൂ. ഫെബ്രുവരി 17, 18 തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം പരിഗണിക്കുക. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്‍െറ നിലപാടിന് അനുകൂലമാണ്. അതേസമയം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ നേതൃത്വത്തില്‍ പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും പ്രബലവിഭാഗം കോണ്‍ഗ്രസ് സഖ്യത്തിന് എതിരാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കേരളഘടകവും അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യത്തില്‍ കേന്ദ്രകമ്മിറ്റി എന്ത് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് സഖ്യം കേന്ദ്രകമ്മിറ്റി തള്ളിയാല്‍ ബംഗാള്‍ ഘടകത്തിന്‍െറ പ്രതികരണം എന്താകുമെന്നുമാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
സി.പി.എം നേതൃയോഗത്തിന് മുന്നോടിയായി വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബംഗാള്‍ ഇടതുമുന്നണിയോഗം കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചക്ക് അനുമതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.