ജെ.എന്‍.യു അറസ്റ്റ്: പ്രതിഷേധവുമായി യെച്ചൂരി രംഗത്ത്; ഹാഫിസിന്‍റെ പേരില്‍ ട്വീറ്റ്
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി രംഗത്ത്. കാമ്പസിലെ പൊലീസ് ഇടപെടൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാമ്പസിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമം. നിരപരാധികളായ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി അംഗീകരിക്കാനാകില്ല. സംഭവത്തിൽ 20 വിദ്യാർഥികളെ പ്രതിചേർത്തിട്ടുണ്ട്. അവർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണം പൊലീസ് തെളിയിക്കണം.
ജെ.എൻ.യുവില്‍ ഒരിടത്തും കാമറ ഘടിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവായി നല്‍കിയ വിഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നും യെച്ചൂരി പറഞ്ഞു.
വിദ്യാര്‍ഥി യൂണിയന്‍ നേതാവും എ.ഐ.എസ്.എഫിന്‍റെ പ്രതിനിധിയുമായ കന്‍ഹയ്യ കുമാറിന്‍റെ അറസ്റ്റിനെ ശക്തമായി അപലപിച്ച അദ്ദേഹം വിദ്യാര്‍ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. നിരപരാധികളായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് രാജ്നാഥ് സിങ് ഉറപ്പു നല്‍കിയെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം, പൊലീസ് നടപടിക്കെതിരെ കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അധികൃതർ പുറത്താക്കുകയും ഡീബാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ഏഴുപേരെ കൂടി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്‍റെ മൂന്നാം വാര്‍ഷിക ദിനമായ ഫെബ്രുവരി ഒമ്പതിനാണ് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടന്നത്.
അതിനിടെ മുംബൈ ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്‍റെ പേരില്‍ ട്വീറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളെ പിന്തുണക്കാന്‍ പാകിസ്താനിലെ സഹോദരങ്ങളോട് അഭ്യര്‍ഥിച്ചു കൊണ്ടുള്ളതാണ് ട്വീറ്റ്. പാകിസ്താന്‍ സ്റ്റാന്‍ഡ് വിത്ത് ജെ.എന്‍.യു എന്ന ഹാഷ് ടാഗില്‍ അറ്റ് ഹാഫിസ് സഇീദ് ജെ.യു.ഡി എന്ന പേരിലാണ് ട്വിറ്ററില്‍ വാചകം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിന്‍റെ സാധുത സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വകലാശാല നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് മുന്‍ സൈനികര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.