രാഹുൽ ജെ.എൻ.യുവിൽ; കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തം
text_fieldsന്യൂഡല്‍ഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു)യിൽ സ്റ്റുഡൻറ്സ് യൂണിയൻ അധ്യക്ഷൻ കൻഹയ്യ കുമാറിൻെറ അറസ്റ്റിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്തുന്നവരാണ് രാജ്യദ്രോഹികളെന്ന് പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി പറഞ്ഞു.
സ്വന്തം അഭിപ്രായം പറഞ്ഞതിന് ഒരു ചെറുപ്പക്കാരനെ സർക്കാർ രാജ്യദ്രോഹിയാക്കിയിരിക്കുകയാണ്. ജെ.എന്‍.യുവിൻെറ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഏറ്റവും വലിയ രാജ്യദ്രോഹികളെന്നും രാഹുൽ വ്യക്തമാക്കി. നിങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്ന് വിദ്യാർഥികളോട് രാഹുൽ പറഞ്ഞു.
അതേസമയം, കാമ്പസ് സന്ദർശിച്ചതിൽ പ്രതിഷേധിച്ച് എ.ബി.വി.പി രാഹുലിന് നേരെ കരിങ്കൊടി കാണിച്ചു. രാഹുൽ ഗോ ബാക്ക് എന്ന മുദ്രാവാക്യവും ഇവർ ഉയർത്തി. തനിക്കെതിരെ കരിങ്കൊടി കാണിക്കാൻ ഇവർക്ക് അവകാശമുണ്ട് എന്ന കാര്യത്തിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് രാഹുൽ കരിങ്കൊടി പ്രതിഷേധത്തെ സൂചിപ്പിച്ച് പറഞ്ഞു.
പാർലമെൻറ് ആക്രമണക്കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്സൽ ഗുരുവിൻെറ അനുസ്മരണം നടത്തിയതിനാണ് ജെ.എൻ.യുവിലെ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹം ചുമത്തിയതും അറസ്റ്റ് ചെയ്തതും. ഇതിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ആനന്ത് ശര്‍മ, സി.പി.ഐ നേതാവ് ഡി. രാജ, ജെ.ഡി.യു നേതാവ് കെസി ത്യാഗി തുടങ്ങിയവർ കാമ്പസിലെത്തി വിദ്യാർഥികളെ സന്ദർശിച്ചിരുന്നു. കൻഹയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തിൻെറ ആധികാരികത പരിശോധിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ സന്ദർശിച്ച് ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.