ഹാഫിസ് സഈദ് മുങ്ങി; മന്ത്രിക്ക് ട്വിറ്ററില്‍ ‘പൊങ്കാല’
text_fieldsന്യൂഡല്‍ഹി: പാകിസ്താനി സഹോദരങ്ങളേ, നമ്മുടെ ജെ.എന്‍.യുവിലെ സഹോദരങ്ങളെ സപ്പോര്‍ട്ട് ചെയ്യുക എന്നുപറഞ്ഞാണ് ഹാഫിസ് മുഹമ്മദ് സഈദ് എന്നപേരിലെ ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഈ മാസം 10ന് സന്ദേശമിറങ്ങിയത്. ജെ.എന്‍.യുവിലെ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ പറ്റിയ എന്തുകിട്ടിയാലും പ്രചരിപ്പിച്ചിരുന്ന സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ അനുകൂലികള്‍ ഇതു വലിയ തോതില്‍ പ്രചരിപ്പിച്ചു.വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് ബോധവത്കരിച്ച് ഡല്‍ഹി പൊലീസും ഇതു പുതിയ പോസ്റ്റാക്കി അവതരിപ്പിച്ചു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാവണം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ഇത് ഏറ്റുപിടിച്ചു. അതോടെ സംഗതി പിടിത്തംവിട്ടെന്നു കണ്ട് പോസ്റ്റിട്ട ‘ഹാഫിസ് സഈദ്’ അക്കൗണ്ടും പുട്ടി മുങ്ങി.
ആധികാരികമോ എന്നുപോലും ഉറപ്പുവരുത്താതെ ഏതോ ട്വീറ്റ് കണ്ട് രാജ്യത്തിന്‍െറ ആഭ്യന്തരമന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവര്‍ രംഗത്തുവന്നിരുന്നു. ഷാറൂഖിന്‍െറ ദില്‍വാലെ കാണണമെന്നായിരുന്നു ഇദ്ദേഹം മുമ്പൊരിക്കല്‍ ഇട്ടിരുന്ന പോസ്റ്റ് എന്നുകൂടി കേട്ടതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസപ്രവാഹമായി. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചവര്‍ ജെ.എന്‍.യുവിനെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചതായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.
ലവലേശം വെളിവെങ്കിലും കാണിക്കണമെന്നും ഇത് ബനാനാ റിപ്പബ്ളിക് അല്ല എന്നുതിരിച്ചറിയണമെന്നും മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി കുറിച്ചിട്ടു. സ്വതന്ത്ര നിലപാടുകാരും ബി.ജെ.പി വിരുദ്ധരും മന്ത്രിയുടെ പ്രസ്താവനയിലെ തമാശ ആഘോഷമാക്കുകയാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.