സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയ അഞ്ച് പേർ അറസ്റ്റിൽ
text_fieldsഗാസിയാബാദ്: സ്‌നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി ശര്‍ണയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട മനോരോഗിയായ ദേവേന്ദ്രയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഷാറൂഖ് ഖാന്‍റെ 'ദർ' എന്ന ചിത്രം അനുകരിച്ചാണ് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ അഞ്ചുപേരും ഹരിയാന സ്വദേശികളാണ്. ദേവേന്ദ്രക്ക് ദീപ്തിയോട് പ്രണയം തോന്നിയതാണ് തട്ടിക്കൊണ്ടു പോകുന്നതിന് കാരണം. തട്ടിക്കൊട്ടുപോയി പ്രണയിക്കണമെന്നായിരുന്നു മനോരോഗി കൂടിയായ പ്രതിയുടെ ആഗ്രഹം.
ഗുര്‍ജണിലെ സ്‌നാപ്ഡീല്‍ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദീപ്തിയെ ഫെബ്രുവരി പത്തിനാണ് തട്ടിക്കൊണ്ടു പോകുന്നത്. ഗുര്‍ജണില്‍ നിന്നും വൈശാലി മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ കയറിയ ദീപ്തിയെ മറ്റു നാലുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. ഓട്ടോക്കാരനും സംഭവത്തില്‍ പങ്കുള്ളതായാണ് വിവരം. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ ദീപ്തിയെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. യാത്രചെലവിനായി നൂറു രൂപയും ഇവര്‍ നല്‍കി.
തട്ടിക്കൊണ്ടു പോയവര്‍ കഴിക്കാന്‍ ഭക്ഷണവും വെള്ളവും നല്‍കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നുവെന്നും അവരാരും ശാരീരികമായോ മാനസികമായോ തന്നെ ഉപദ്രവിച്ചില്ലെന്നും ദീപ്തി മൊഴി നല്‍കിയിരുന്നു.
ദീപ്തിക്ക് പ്രണയം തോന്നുന്നതിനായി ദിവസവും ജോലിക്ക് പോകുന്ന സ്ഥലത്തെ രണ്ട് ഒാട്ടോറിക്ഷകളും ദേവേന്ദ്ര വിലക്ക് വാങ്ങിയിരുന്നു. ദീപ്തി വലിയ ബിസിനസുകാരന്‍റെ മകളാണെന്നും മോചനദ്രവ്യമായി 12 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയവരോട് ഇയാൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.