കോൺഗ്രസ് സഖ്യം: സി.പി.എം പി.ബി നാളെ
text_fieldsന്യൂഡൽഹി : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കണമെന്ന സി.പി.എം ബംഗാൾ ഘടകത്തിന്‍റെ ആവശ്യം ചർച്ച ചെയ്യാൻ സി.പി.എം പൊളിറ്റ് ബ്യൂറോ ചൊവ്വാഴ്ച ചേരുന്നു. തുടർന്ന് രണ്ടു ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റിയും ചേരും. യോഗത്തിന്‍റെ പ്രധാന അജണ്ട ബംഗാളിലെ കോൺഗ്രസ് സഖ്യമാണ്.
തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി എന്നിവർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസ് ബന്ധം അനിവാര്യമാണെന്ന നിലപാടിലാണ് ബംഗാൾ നേതാക്കൾ. 33 വർഷം സംസ്ഥാനം ഭരിച്ച സി.പി.എം അധികാരത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ട ശേഷം തിരിച്ചു വരവിനു സാദ്ധ്യതകൾ തേടുന്നതിന്‍റെ ഭാഗമായാണ് കോൺഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നത്. രാജ്യത്ത് പൊതുവിലും ബംഗാളിൽ പ്രത്യേകിച്ചും രാഷ്ട്രീയ സാഹചര്യങ്ങൾ പാടേ മാറി മറിഞ്ഞ സാഹചര്യത്തിൽ തനിച്ചു നിന്നിട്ട് കാര്യമില്ലെന്ന് ബംഗാൾ നേതാക്കൾ പി.ബിയെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാൽ ഇത്തവണ പിടിച്ചു നിൽക്കാൻ കഴിയുമെന്നും 2021 ൽ ഭരണത്തിൽ വരാൻ കഴിയുമെന്നുമാണ് ബംഗാൾ നേതാക്കളുടെ കണക്കു കൂട്ടൽ.
എന്നാൽ, കേരള ഘടകം ഇതിനെ ശക്തിയുക്തം എതിർക്കുകയാണ്. ബംഗാളിലെ ആവശ്യം അംഗീകരിക്കപ്പെട്ടാൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടി ആകുമെന്നാണ് അവരുടെ ഭയം. കേരളത്തിൽ കോൺഗ്രസ്സാണ് സി പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും ഒന്നാം നമ്പർ ശത്രു. ബംഗാളിൽ പാർട്ടി കോൺഗ്രെസ്സിനൊപ്പം മത്സരിക്കുമ്പോൾ ഇവിടെ വോട്ടർമാരോട് എന്ത് പറയും എന്നാണ് അവരുടെ ചോദ്യം. അങ്ങിനെയൊരു സാഹചര്യം വന്നാൽ ബി ജെ പി ആയിരിക്കും അത് പരമാവധി മുതലെടുക്കുക. സി.പി.എം പ്രതിരോധത്തിലാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു .
പിണറായി വിജയൻ നയിക്കുന്ന കേരളയാത്രയുടെ സമാപന ചടങ്ങ് കഴിഞ്ഞാൽ സംസ്ഥാനത്ത് നിന്നുള്ള പി.ബി അംഗങ്ങളായ പിണറായി വിജയൻ , കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ ഇന്ന് രാത്രി തന്നെ ഡൽഹിക്ക് തിരിക്കുന്നുണ്ട്. സമാപന സമ്മേളനത്തിന് വരുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും അവരോടൊപ്പം പോകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യാത്ര നാളെയാണ്. കേരളത്തിൽ നിന്നുള്ള എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ മാത്രമാണ് ഇതിനകം ബംഗാൾ ഘടകത്തിന്‍റെ ആവശ്യത്തെ പിന്തുണക്കുന്ന പ്രസ്താവന നടത്തിയത്. മറ്റു കേരളാ നേതാക്കളെല്ലാം അതിനു എതിരാണ്.അതേ സമയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് സഖ്യ അനുകൂലിയാണെന്ന് പാർട്ടി ഉപശാലകളിൽ സംസാരമുണ്ട്. പി ബിയിൽ കോൺഗ്രസ് സഖ്യ അനുകൂലികൾ കുറവായതിനാൽ അവിടെ അംഗീകരിക്കാൻ ഇടയില്ല. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ ഒരു കൈ നോക്കാനാണ് സഖ്യവാദികളുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.