Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനയ്യ കുമാര്‍...

കനയ്യ കുമാര്‍ ജെ.എന്‍.യുവില്‍ പറഞ്ഞത്

text_fields
bookmark_border
കനയ്യ കുമാര്‍ ജെ.എന്‍.യുവില്‍ പറഞ്ഞത്
cancel

(ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പ് ജെ.എന്‍.യു കാമ്പസില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ മലയാള പരിഭാഷ)

ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാര്‍, രക്തസാക്ഷി ഭഗത്സിംഗിന്‍റെ പേരിലുള്ള എയര്‍പോര്‍ട്ടിന്‍റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നല്‍കി. ഞങ്ങള്‍ പറയുന്നതിന്‍്റെ അര്‍ത്ഥം ഇതാണ് ഞങ്ങള്‍ക്ക് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസില്‍ നിന്നും വേണ്ട. ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ മക്കളാണ്, ഞങ്ങള്‍ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80ശതമാനം ദരിദ്രര്‍, അവരാണു ഞങ്ങള്‍.

80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാര്‍ക്കുവേണ്ടിയാണു ഞങ്ങള്‍ പോരാടുന്നത്. ഇതാണ് ഞങ്ങള്‍ക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങള്‍ പറയുകയാണ്, ഈ രാജ്യത്തിന്‍്റെ ഭരണഘടനക്കുനേരെ നേരെ വിരല്‍ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്‍്റെ കൈവിരലുകള്‍ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. എന്നാല്‍ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്‍്റെ ഭരണഘടന എന്നു പഠിപ്പിക്കുവാന്‍ വന്നാല്‍ ആ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങള്‍ക്കു മനുവാദത്തില്‍ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തില്‍ ഞങ്ങള്‍ക്കു ഒരു വിശ്വാസവുമില്ല.

ആ ഭരണഘടന, ബാബാ സാഹിബ് ഭീം റാവു അംബേകര്‍ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ, സംസാര സ്വാതന്ത്രത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നു.

എന്നാല്‍ ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എ.ബി.വി.പി ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടെ മുഴുവന്‍ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവന്‍ വിഷയങ്ങളിലും വെള്ളം ചേര്‍ക്കുകയാണ്. ഇന്നലെ എ.ബി.വി.പിയുടെ ജോയിന്‍്റ് സെക്രട്ടറി പറഞ്ഞു, നമ്മള്‍ ഫെലോഷിപ്പിനായിട്ടാണ് ബഹളം വെക്കുന്നത് എന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ സര്‍ക്കാര്‍ മാഡം 'മനു'സ്മൃതി ഇറാനി ഫെലോഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ്. ഇവരുടെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റില്‍ 17% കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ 4 വര്‍ഷമായി നമ്മുടെ ഹോസ്റ്റല്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. കാമ്പസില്‍ വൈഫൈ സൗകര്യങ്ങള്‍ ഇല്ല. വിദ്യാര്‍ഥികള്‍ക്ക് ഒരു ബസ് നല്‍കിയത് ഓടിക്കുവാനായി ഇന്ധനം നിറക്കുവാനുള്ള പൈസ ഭരണകൂടത്തിന്‍്റെ കൈവശമില്ല. എ.ബി.വി.പിക്കാര്‍ റോളറിനു മുന്നില്‍ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങള്‍ ഹോസറ്റല്‍ നിര്‍മ്മിക്കയാണ്, ഞങ്ങള്‍ വൈഫൈ കൊണ്ടുവരികയാണ്, ഞങ്ങള്‍ ഫെലോഷിപ്പ് വര്‍ദ്ധിപ്പിക്കയാണ് എന്നൊക്കെ.

സഖാക്കളേ, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശകങ്ങളെപ്പറ്റി ചര്‍ച്ച നടന്നാല്‍ ഇവരുടെ മുഖംമൂടികള്‍ പൊളിക്കപ്പെടും. വിദ്യാര്‍ഥികളെ, സഖാക്കളെ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കുവാന്‍ നമുക്കു ധൈര്യമുണ്ട്. അതേപ്പറ്റി സംവാദങ്ങളും ചര്‍ച്ചയും നടത്തുവാന്‍, ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തന്നെയാണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു സ്വാമി ഉണ്ടല്ളോ, ആ സ്വാമി പറയുന്നത് ജെ.എന്‍.യുവില്‍ തീവ്രവാദികളാണ് താമസിക്കുന്നതെന്ന്. ജെ.എന്‍.യു ആക്രമണം അഴിച്ചുവിടുന്നെന്ന്. ഞാന്‍ ജെ.എന്‍.യുവില്‍ നിന്നും ആര്‍.എസ്.എസിന്‍്റെ ചിന്തകന്മാരെ വെല്ലുവിളിക്കയാണ്, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളോടു സംവാദത്തിനു തയ്യാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചര്‍ച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങള്‍ ഒരു ചോദ്യമുയര്‍ത്തുകയാണ് "രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ" എന്ന എ.ബി.വി.പിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്തു ആരുടെ രക്തം ഒഴുക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേര്‍ന്ന് ഈ രാജ്യത്തിന്‍്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവര്‍ക്കു നേരെ നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രന്‍ അവന്‍്റെ റൊട്ടിയെപ്പറ്റി സംസാരിക്കുമ്പോള്‍, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യന്‍ തന്‍്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, നിങ്ങള്‍ അവര്‍ക്കുനേരെ വെടിയുണ്ട ഉതിര്‍ക്കുന്നവരാണ്. ഈ രാജ്യത്തു മുസ്ളിങ്ങള്‍ക്കു നേരെ നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നു അഞ്ച് വിരലുകളും ഒരു പോലെ അല്ല എന്ന്. സ്ത്രീകള്‍ സീതയെപ്പോലെ ജീവിക്കണം, സീതയെ പോലെ അഗ്നിപരീക്ഷണം നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനില്‍ക്കുന്നത്.  ജനാധിപത്യം എല്ലാവര്‍ക്കും തുല്യതയാണ് ഉറപ്പുനല്‍കുന്നത്. അത് വിദ്യാര്‍ഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കര്‍ഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവര്‍ക്ക് എല്ലാവര്‍ക്കും അര്‍ഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന ആ തുല്യതയില്‍ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മള്‍ പറയുമ്പോള്‍ നിങ്ങള്‍ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നാണ്.
 

ചൂഷണത്തിന്‍റെ സംസ്കാരത്തെ, ജാതിവാദത്തിന്‍്റെ സംസ്കാരത്തെ, മനുവാദത്തിന്‍റെ സംസ്കാരത്തെ ഇല്ലായ്മചെയ്യുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവര്‍ക്കു പ്രശ്നം ഉണ്ടാകുന്നത്? ഈ രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യത്തെപറ്റി സംസാരിക്കുമ്പോഴാണ് ഇവര്‍ക്കു പ്രശ്നമുണ്ടാകുന്നത്. ജനങ്ങള്‍ ലാല്‍സലാമിനൊപ്പം നീലസലാം  ഉയര്‍ത്തുമ്പോള്‍, മാര്‍ക്സിന്‍്റെ പേരിനൊപ്പം ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ പേരും ഉയര്‍ത്തുമ്പോള്‍..... (കൈയ്യടി) അപ്പോഴാണ് ഇവര്‍ക്ക് ഉദരവേദന ഉണ്ടാകുന്നത്.  ബ്രിട്ടീഷുകാരന്‍്റെ ചെരുപ്പുനക്കികളാണ് ഇവര്‍. എന്‍്റെ പേരില്‍ മാനനഷ്ടകേസ് ചാര്‍ജ് ചെയ്യൂ. ഞാന്‍ പറയുന്നു ആര്‍.എസ്.എസിന്‍്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്.  രാജ്യദ്രോഹികള്‍ ഇന്ന് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു.

(മൊബൈല്‍ ഫോണ്‍ ഉയര്‍ത്തികാട്ടുന്നു) സഖാക്കളെ എന്‍്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ എന്‍്റെ അമ്മക്കും പെങ്ങള്‍ക്കും നേരെ ഇവര്‍ വിളിക്കുന്ന അസഭ്യവര്‍ഷങ്ങളാല്‍ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങള്‍ പറയുന്ന ഭാരതമാതാവില്‍ എന്‍്റെ അമ്മക്കു സ്ഥാനമില്ളെങ്കില്‍ പിന്നെ ഏതു ഭാരതമാതാവിന്‍്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കുവാന്‍ കഴിയില്ല ഇത്തരം ഭാരതമാതാവിന്‍്റെ ആശയം. രാജ്യത്തെ സ്ത്രീകള്‍ ദരിദ്രരും, കൂലിപ്പണിക്കാരുമാണ്. എന്‍്റെ അമ്മ അങ്കണ്‍വാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മക്ക് എതിരെയാണു ഇവര്‍ അസഭ്യവര്‍ഷം നടത്തുന്നത്. (കൈയ്യടി)

ഈ ദേശത്തെയോര്‍ത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കര്‍ഷക, തൊഴിലാളികളുടെ അമ്മാമാരൊന്നും ഭാരതമാതാവിന്‍്റെ കൂട്ടത്തില്‍ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാര്‍ക്കും ജയ്, കര്‍ഷകനും, കര്‍ഷകതൊഴിലാളിക്കും, ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കില്‍ വിളിക്കൂ, ഇങ്കിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്ദേവ് സിന്ദാബാദ് ബാബാസാഹിബ് സിന്ദാബാദ്. നിങ്ങള്‍ ബാബാസാഹിബിന്‍്റെ 125ആം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ബാബാ സാഹിബ് അംബേദ്കര്‍ ഉയര്‍ത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്നമാണു ജാതിവാദം. അതെപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ.

ഒരു രാജ്യം നിര്‍മ്മിക്കപ്പെടുന്നത് ജനങ്ങളുടെ ക്ഷേമത്തിലൂടെയാണ്. ദേശത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ജനങ്ങള്‍ക്കു പങ്കില്ല, ദരിദ്ര കര്‍ഷകതൊഴിലാളികള്‍ക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടിവി ഡിബേറ്റില്‍ ഈ കാര്യം ഞാന്‍ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. (അടുത്തുനിന്നും മുദ്രാവാക്യം വിളികളുടെ ശബ്ദം കേള്‍ക്കുന്നു)  

ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയില്‍ ബഹളവും കലാപവും വരികയാണെങ്കില്‍ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങള്‍ക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതി സംഘി ഓഫീസില്‍ നിന്നും വരും. ഇന്ദിരാഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ആവശ്യമായ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്.  ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് ജെ.എന്‍.യു നികുതിപ്പണം കൊണ്ടാണു പ്രവൃത്തിക്കുന്നത് എന്നാണ്. നഗരത്തിന്‍്റെ പൈസ കൊണ്ടാണു  ജെ.എന്‍.യു പ്രവൃത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്‍്റെ പണം കൊണ്ടാണ് ജെ.എന്‍.യു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഞാന്‍ ചോദിക്കയാണ്, യൂണിവേഴ്സിറ്റി ആര്‍ക്കു വേണ്ടിയാണ്? യൂണിവേഴ്സിറ്റി എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്‍്റെ വിമര്‍ശനാത്മക വിശകലനം നടത്താനുള്ളതാണ്. ഈ കാര്യത്തില്‍ യൂണിവേഴ്സിറ്റി പരാജയപ്പെടുകയാണെങ്കില്‍ ഒരു രാജ്യനിര്‍മ്മിതിയും നടപ്പിലാവില്ല. രാജ്യകാര്യങ്ങളില്‍ ആരും ഭാഗഭാക്കാകില്ല.

രാജ്യത്തെ ജനങ്ങളുടെ സംസ്കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകുന്നിലെങ്കില്‍ രാജ്യനിര്‍മ്മാണം അസാധ്യമാണ്. ഞങ്ങള്‍ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശം നല്‍കുക എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാന്‍ രോഹിത് തന്‍്റെ ജീവന്‍ വിലയായി നല്‍കി. എന്നാല്‍ സംഘികളോടു ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സര്‍ക്കാരിനു മേല്‍ ഇത്ര വിശ്വാസമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനോടു എന്‍്റെ താക്കീതാണ് രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെ.എന്‍.യുവില്‍ നടക്കുവാന്‍ ഞങ്ങളനുവദിക്കയില്ല.
 

പാക്കിസ്ഥാന്‍്റെയോ ബംഗ്ളാദേശിന്‍്റെയോ കാര്യമല്ല ഞങ്ങള്‍ക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മര്‍ദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള  മാനവതാവാദത്തിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുന്‍പിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്‍്റെയും മനുവാദത്തിന്‍്റെയും ആ മുഖം;  ബ്രാഹ്മണിസത്തിന്‍്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്.

യഥാര്‍ത്ഥ ജനാധിപത്യം, യഥാര്‍ത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാര്‍ലമെന്‍്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മള്‍ പറയുവാന്‍ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്‍്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും. രാജ്യത്തെ തകര്‍ക്കുന്ന ശക്തികളോട് തീവ്രവാദത്തെ നട്ടുവളര്‍ത്തുന്ന ആളുകളോട് ഒരു ചോദ്യം, അവസാന ചോദ്യം ചോദിച്ചുകൊണ്ട് ഞാന്‍ എന്‍്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

ആരാണു കസബ്? ആരാണു അഫ്സല്‍ ഗുരു? ആരാണു ഈ മനുഷ്യര്‍?

ഇന്ന് തങ്ങളുടെ ശരീരത്തില്‍ ബോംബുവച്ചുകെട്ടി കൊല്ലുവാന്‍ തയ്യാറായി ഇറങ്ങുന്ന അവസ്ഥയില്‍ എത്തിച്ച സാഹചര്യം എന്താണ്? അന്വേഷണത്തില്‍ ഈ ചോദ്യം ഉയരുന്നില്ളെങ്കില്‍ ഈ അന്വേഷണങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി എനിക്കു തോന്നുന്നില്ല. നമ്മള്‍ ഹിംസയെ നിര്‍വ്വചിക്കുന്നില്ളെങ്കില്‍ എങ്ങനെ ഹിംസയെ തടയുവാന്‍ കഴിയും? ഒരാളെ തോക്കുയര്‍ത്തി കൊല്ലുന്നതില്‍ മാത്രമല്ല ഹിംസയുള്ളത്. ഭരണകൂടം ദളിതര്‍ക്ക് അധികാരം നല്‍കാതിരിക്കുന്നതിലും ഹിംസയാണുള്ളത്. ആ അധികാരം നല്‍കുന്നത് ജെ.എന്‍.യു ഭരണകൂടം നിഷേധിക്കയാണ്; അത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ വയലന്‍സ് ആണ്.

നീതിയെപ്പറ്റി പറയാം. എന്താണ് നീതി എന്ന് ആരാണ് തീരുമാനിക്കുന്നത്? ബ്രാമണജാതിവ്യവസ്ഥ നിലനിന്ന കാലത്ത് ദളിതര്‍ക്കു ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷിദ്ധമായിരുന്നു. അന്ന് അതായിരുന്നു നീതി വ്യവസ്ഥ. ഇംഗ്ളീഷുകാര്‍ ഭരിക്കുമ്പോള്‍ പട്ടിക്കും ഇന്ത്യാകാര്‍ക്കും റെസ്റ്ററന്‍്റില്‍ പോകുവാന്‍ അവകാശമില്ലായിരുന്നു. ഇതായിരുന്നു അന്നത്തെ നീതി. ഈ നിതിവ്യവസ്ഥയെയാണു നമ്മള്‍ വെല്ലുവിളിച്ചത്. ഇന്നും എബിവിപിയുടെയും ആര്‍.എസ്.എസ്ന്‍്റെയും നീതിവ്യവസ്ഥയെ നമ്മള്‍ വെല്ലുവിളിക്കുന്നു. നിങ്ങളുടെ നീതിയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. നിങ്ങള്‍ സ്വാതന്ത്ര്യം എന്നുപറയുന്നതിനെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എല്ലാ മനുഷ്യര്‍ക്കും അവന്‍്റെ ഭരണഘടനാ അവകാശം കിട്ടുന്ന ദിവസം മാത്രമേ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തെ അംഗീകരിക്കാനാവൂ. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും കിട്ടുന്ന ആ ദിവസം ഞങ്ങള്‍ ഈ  നീതിന്യായവ്യവസ്ഥയെ പൂര്‍ണ്ണമായി അംഗീകരിക്കാം.

ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ ഒരു രീതിയിലുമുള്ള തീവ്രവാദിയെയും, ഒരു രീതിയിലുമുള്ള തീവ്രവാദ വിഷയത്തെയും, ഒരു രീതിയിലുമുള്ള രാജ്യവിരുദ്ധമായ പ്രവര്‍ത്തനത്തെയും പിന്തുണക്കുന്നില്ല. ഞാന്‍ ഒരു പ്രാവശ്യം കൂടെ പറയുകയാണ്, കുറെ തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിനെ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നു. അതോടൊപ്പം ഒരു ചോദ്യവും ഉയരുന്നു. ചോദ്യം ജെ.എന്‍.എയു അഡ്മിനിസ്ട്രേഷനോടും എ.ബി.വി.പിയോടുമാണ്. ഈ കാമ്പസില്‍ ആയിരക്കണക്കിനു തരത്തിലുള്ള കാര്യങ്ങള്‍ നടക്കാറുണ്ട്. ഇപ്പോള്‍ നിങ്ങള്‍ എ.ബി.വി.പിയുടെ മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ. അവര്‍ മുദ്രാവാക്യം വിളിക്കുന്നു "കമ്യൂണിസ്റ്റ് പട്ടികള്‍", "തീവ്രവാദികളുടെ സന്താനങ്ങളെ" എന്നൊക്കെ.

എനിക്ക് അറിഞ്ഞുകൂടാ ഈ ഭരണകൂടം നമുക്ക് പൗരനായി ജീവിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടോ എന്ന്. എന്‍്റെ പിതാവിനെ പട്ടി എന്നുവിളിക്കുന്നത് ഭരണകൂടത്തിന്‍്റെ അധികാരങ്ങളുടെ ലംഘനമാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ചോദ്യം ഞാന്‍ എ.ബി.വി.പിയോടു ചോദിക്കുകയാണ്. ജെ.എന്‍.യു അഡ്മിനിസ്ട്രേഷനോടു കൂടി ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണു പണിയെടുക്കുന്നത്? ആര്‍ക്കൊപ്പമാണു തൊഴില്‍ ചെയ്യുന്നത്? ആരുടെ ഉത്തരവുപ്രകാരമാണു തൊഴില്‍ ചെയ്യുന്നത്?

ഈ കാര്യം ഇന്ന് സുവ്യക്തമായിരിക്കയാണ്. ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ ആദ്യം അനുമതി നല്‍കും. പിന്നീട് നാഗ്പൂരില്‍ നിന്നും ഫോണ്‍ വരുന്ന മുറക്ക് നല്‍കിയ അനുമതികള്‍ തിരിച്ചെടുക്കും. ഈ അനുമതി തരുന്നതും തിരിച്ചെടുക്കുന്നതുമായ രീതി ഫെലോഷിപ്പുകള്‍ തരുന്നതും തിരികെ എടുക്കുന്നതുമായ രീതിക്കു സമാനമായി മാറുകയാണ്. ആദ്യം ഫെലോഷിപ്പ് നല്‍കുവാനുള്ള ഉത്തരവ് ഇറങ്ങും. പിന്നീട് കേള്‍ക്കാം ഫെലോഷിപ്പ് തീര്‍ന്നുപോയെന്ന്. ഇത് സംഘി രീതിയാണ്. ആര്‍.എസ്.എസിന്‍്റെയും എ.ബി.വി.പിയുടെയും രീതിയാണിത്. ഈ രീതിയിലാണ് ഇവര്‍ രാജ്യഭരണം നടത്തുവാന്‍ ആഗ്രഹിക്കുന്നത്. ഈ രീതിയിലാണ് ഇവര്‍ ജെ.എന്‍.യു അഡ്മിനിസ്ട്രേഷനെ മുന്നോട്ടുകൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നത്. ജെ.എന്‍.യുവിന്‍്റെ വൈസ്ചാന്‍സ്ലറോടു ഞങ്ങളുടെ ചോദ്യമാണ്. ജെ.എന്‍.യുവില്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു, മെസില്‍ കത്ത് വന്നിരുന്നു, അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ ആദ്യം അനുമതി നല്‍കരുതായിരുന്നു. നല്‍കിയ പെര്‍മിഷന്‍ ആരുടെ ഉത്തരവുപ്രകാരമാണു കാന്‍സല്‍ ചെയ്തത്? ഈ കാര്യം ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

(ആക്രോശം മുഴക്കുന്ന എബിവിപിക്കാരെ നോക്കി)

അതോടൊപ്പം ഈ മനുഷ്യരുണ്ടല്ളോ അവരുടെ സത്യസന്ധത മനസ്സിലാക്കുക. ഇവരോടു വിദ്വേഷം വേണ്ട. കാരണം ഞങ്ങള്‍ വെറുക്കുവാന്‍ പഠിച്ചിട്ടില്ല. ഇവരെ ഓര്‍ത്ത് എനിക്ക് വലിയ സഹതാപം ഉണ്ട്. ഇവര്‍ അര്‍മാദിക്കയാണ്. എന്തുകൊണ്ട്? ഇവര്‍ക്കു തോന്നുന്നത് ഗജേന്ദ്ര ചൗഹാനെ ഇരുത്തിയതുപോലെ എല്ലാ സ്ഥലത്തും ചൗഹാന്‍, ദിവാന്‍, 'ഫര്‍മാന്‍' അങ്ങനെ ആളുകളെ വയ്ക്കാം എന്നാണ്. ഈ ചൗഹാന്‍, ദിവാന്‍, 'ഫര്‍മാന്‍' എല്ലാ സ്ഥലത്തും തൊഴില്‍ ചെയ്തുകൊണ്ടിരുന്നുകൊള്ളും.  അതുകൊണ്ട് ഇവര്‍ ഉച്ചത്തില്‍ ഭാരത് മാതാകി ജയ് എന്ന് ആക്രോശിക്കുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കികൊള്ളൂ. മറ്റന്നാള്‍ ഇവരുടെ ഇന്‍്റര്‍വ്യൂ ഉണ്ടാകും. തൊഴില്‍ കിട്ടിയാലുടന്‍ ദേശഭക്തി പിന്നില്‍ കൂടെ ഒലിച്ചുപോകും. തൊഴില്‍ കിട്ടിയാല്‍ പിന്നെ ഭാരത് മാതാവിനെ തിരിഞ്ഞുനോക്കില്ല. തൊഴില്‍ കിട്ടിയാല്‍ പിന്നെ ത്രിവര്‍ണ്ണ പതാകയെ ഒരിക്കല്‍ പോലും ഇവര്‍ അംഗീകരിക്കില്ല. ബി.ജെ.പിയുടെ പതാക പോലും ഉയര്‍ത്തില്ല. ഞാന്‍ ചോദിക്കുകയാണ്, ഇതു എന്തുതരം ദേശഭക്തിയാണിത്? ഒരു ഉടമസ്ഥന്‍ തന്‍്റെ വേലക്കാരനോടു ശരിയായ രീതിയില്‍ പെരുമാറിയില്ളെങ്കില്‍, കര്‍ഷകന്‍ തന്‍്റെ തൊഴിലാളിയോടു ശരിയായ രീതിയില്‍ പെരുമാറിയില്ളെങ്കില്‍, ബിസിനസ്സുകാരന്‍ തന്‍്റെ തൊഴിലാളിയോടു ശരിയായ രീതിയില്‍ പെരുമാറിയില്ളെങ്കില്‍ ഈ വിവിധ ചാനലുകളിലെ ആളുകള്‍  മാധ്യമപ്രവര്‍ത്തകര്‍  പതിനയ്യായിരം രൂപക്കു തൊഴില്‍ ചെയ്യുന്ന അവര്‍ക്ക് ഒരു സി.ഇ.ഒ ഉണ്ട്, അദ്ദേഹം  ഇവരോടു ശരിയായ രീതിയില്‍ പെരുമാറിയില്ളെങ്കില്‍ ഇവരുടെ ദേശഭക്തി എങ്ങനെയുള്ളതാണ്? ഭാരതവും പാകിസ്താനുമായുള്ള കളിക്കുമുന്നില്‍ തീരുന്ന ദേശഭക്തി! അതുകൊണ്ടാണ് റോഡില്‍ ഇറങ്ങുമ്പോള്‍ വഴിവക്കിലെ പഴം വില്പനക്കാരനോടു തെമ്മാടിത്തരം പറയുന്നത്. പഴക്കച്ചവടക്കാരന്‍ പറയും സാഹബ് 40 രൂപ വില. അപ്പോളിവര്‍ പറയും "ഫ!! നിങ്ങള്‍ ഇന്നാട്ടുകാര്‍ അല്ല അതുകൊണ്ട് 30 രൂപക്കു തരൂ." നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാക്കള്‍, കോടികളാണ് മോഷ്ടിക്കുന്നത് എന്ന് ഒരു ദിവസം ഈ പഴക്കച്ചവടക്കാര്‍ തിരിച്ചുപറഞ്ഞാല്‍ നിങ്ങള്‍ പറയും ഇവനും ദേശദ്രോഹിയാണെന്ന്.

 ഒരുപാട് എംപി മാരുടെ സുഹൃത്തുക്കളെ എനിക്കു പരിചയമുണ്ട്. ഞാന്‍ അവരോടു ചോദിക്കാറുണ്ട്. "സത്യമായും നിങ്ങളുടെ ഉള്ളില്‍ ദേശഭക്തി വളരുകയാണോ?" അവര്‍ പറയും "സഹോദരാ, എന്തുചെയ്യും? അഞ്ചുവര്‍ഷത്തെക്കാണ് സര്‍ക്കാര്‍. രണ്ടുവര്‍ഷം ഇപ്പോഴേ തീര്‍ന്നു ഇനി മൂന്നുവര്‍ഷത്തെ സമയമാണു ബാക്കി. എന്തെങ്കിലും ചെയ്യണമെങ്കില്‍ ഇതിനുള്ളില്‍ ചെയ്യണം."

അപ്പോള്‍ ഞാന്‍ പറയും "ചെയ്തുകൊള്ളൂ. പക്ഷെ, ഇതു പറയൂ, ഇന്ന്  ജെ.എന്‍.യുവിനെപ്പറ്റി കള്ളം പറഞ്ഞാല്‍ നാളെ നിന്‍്റെ കോളറിലും ആരെങ്കിലും കയറി പിടിക്കും. ട്രെയ്നില്‍ ബീഫ് ഉണ്ടോന്നു പരിശോധിക്കുന്ന നിന്‍്റെ കൂട്ടുകാരന്‍ തന്നെയാവും കയറിപിടിക്കുക. നിന്‍്റെ കോളറില്‍ കയറി പിടിച്ചിട്ടു നിന്നെ ലിഞ്ചിംഗ് ചെയ്തു പറയും നീ ദേശഭക്തനല്ല. കാരണം നീ ജെ.എന്‍.യുക്കാരന്‍ ആണ്. ഇതിന്‍്റെ അപകടം മനസ്സിലായോ?"

"അപകടം മനസ്സിലാക്കുന്നു സഹോദരാ അതുകൊണ്ടാണു ഞങ്ങള്‍ ജെ.എന്‍.യു ഷട്ട്ഡൗണ്‍ എന്ന ഹാഷ്ടാഗിനെ എതിര്‍ക്കുന്നത്."

അപ്പോള്‍ ഞാന്‍ പറഞ്ഞു. "അതു വലിയകാര്യമാണല്ളോ. സഹോദരാ ആദ്യം ജെ.എന്‍.യു ഷട്ട്ഡൗണ്‍ എന്നപേരില്‍ ബഹളം വയ്ക്കൂ. പിന്നീട് അതിനെ എതിര്‍ക്കൂ. എല്ലാം ചെയ്യേണ്ടിവരുന്നത് ജെ.എന്‍.യു.വില്‍ തന്നെ ജീവിക്കേണ്ടതിനാല്‍ ആണല്ളൊ."

അതുകൊണ്ട് ജെ.എന്‍.യുവിലെ എല്ലാവരോടും പറയുവാന്‍ ആഗ്രഹിക്കുന്നു. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വരും. അപ്പോള്‍ എ.ബി.വി.പിക്കാര്‍ 'ഓം' എന്ന മുദ്രാവാക്യം മുഴക്കി നിങ്ങളുടെ അടുക്കല്‍ വരും. അവരോടു പറയൂ ഞങ്ങള്‍ ദേശദ്രോഹികളാണ്, ഞങ്ങള്‍ തീവ്രവാദികളാണ്. ഞങ്ങളുടെ വോട്ടുവാങ്ങിയാല്‍ നിങ്ങളും രാജ്യദ്രോഹിയാകും.  അപ്പോള്‍ പറയും "അല്ലല്ല, നിങ്ങളാരും ദേശദ്രോഹികള്‍ അല്ല. കുറച്ചാളുകളുണ്ട്." അപ്പോള്‍ പറയണം "മാധ്യമങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ പറഞ്ഞത് കുറച്ചാളുകള്‍ എന്നല്ലല്ളോ, നിങ്ങളുടെ വൈസ്ചാന്‍സ്ലര്‍ പറഞ്ഞത് അങ്ങനെ അല്ലല്ളോ" എന്ന്. നിങ്ങളുടെ രജിസ്ട്രാറും അങ്ങനെ പറഞ്ഞില്ല. ആ കുറച്ചാളുകളും പറയുന്നു ഞങ്ങള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്ന്. കുറച്ചാളുകളും പറയുന്നുണ്ട് ഞങ്ങള്‍ തീവ്രവാദത്തിനൊപ്പമല്ല എന്ന്. ഞങ്ങള്‍ക്ക് പെര്‍മിഷന്‍ തന്നിട്ട് അത് കാന്‍സല്‍ ചെയ്തു. ഞങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടക്കുന്നു. കുറച്ചാളുകള്‍ പറയുന്നു, ഈ രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും ബഹളം നടക്കയാണെങ്കില്‍ അതിനെ ഞങ്ങള്‍ അനുകൂലിക്കും, ഇത്തരം കാര്യങ്ങള്‍ ഇവരുടെ തലയില്‍ കയറുന്നകാര്യമല്ല. എന്നാല്‍, എനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ട് ഇവിടെ ഒരു ഷോര്‍ട്ട് നോട്ടീസ് കിട്ടിയതനുസരിച്ചു വന്ന ഈ ആളുകള്‍, അവര്‍ക്കു കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട് എന്ന്.

അവര്‍ക്കു മനസ്സിലാകുന്നുണ്ട് എ.ബി.വി.പി ഈ രാജ്യത്തെ തകര്‍ക്കുകയാണ് എന്ന്, ജെ.എന്‍.യുവിനെ തകര്‍ക്കുകയാണ് എന്ന്. നമ്മള്‍ ജെ.എന്‍.യുവിനെ തകരുവാന്‍ അനുവദിക്കയില്ല. നമുക്ക് 'ജെ.എന്‍.യു സിന്ദാബാദ്' ആയിരുന്നു. എന്നും 'ജെ.എന്‍.യു. സിന്ദാബാദ്' ആയിരിക്കും. ഈ രാജ്യത്തു നടക്കുന്ന രാഷ്ര്ടീയ സമരങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കും. ഈ രാജ്യത്തിനകത്ത് ജനാധിപത്യത്തിന്‍്റെ ശബ്ദത്തെ ബലപ്പെടുത്തി, സ്വാതന്ത്ര്യത്തിന്‍്റെ ശബ്ദത്തെ ബലപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിന്‍്റെ ശബ്ദത്തെ ബലപ്പെടുത്തി ഈ സമരത്തെ നമ്മള്‍ മുന്നോട്ടുകൊണ്ടുപോകും. സമരങ്ങള്‍ നടത്തും, വിജയിക്കും, രാജ്യദ്രോഹികളെ തുറന്നുകാട്ടും. ഈ വാക്കുകള്‍ക്ക് ഒപ്പം നിങ്ങള്‍ എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം.

നന്ദി, ഇങ്ക്വിലാബ് സിന്ദാബാദ്, ജയ് ഭീം, ലാല്‍ സലാം

ട്രാന്‍സ് ലേഷന്‍ ക്രെഡിറ്റ്: റെജി പി. ജോര്‍ജ്

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jnu delhiJNUABVPjnu protestkanhaiya kumar
Next Story