അരുണാചൽ പ്രദേശിലെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ ശിപാർശ
text_fieldsന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ ശിപാര്‍ശ ചെയ്തു. പുതിയ സര്‍ക്കാറിനെ അധികാരമേല്‍ക്കാന്‍ ക്ഷണിക്കുന്നതില്‍നിന്ന് ഗവര്‍ണറെ തടയണമെന്ന ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍െറ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരസിച്ച പശ്ചാത്തലത്തിലാണിത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം സംസ്ഥാനത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
14 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ മുന്‍ സ്പീക്കര്‍ നബാം റെബിയ അയോഗ്യരാക്കിയത് സംബന്ധിച്ച അസ്സല്‍ രേഖകള്‍ കോടതി പരിശോധിക്കുന്നതുവരെ തല്‍സ്ഥിതി നിലനിര്‍ത്താനാണ് ഉത്തരവ്.
പുതിയ സര്‍ക്കാറിനെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതില്‍നിന്ന് ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയെ തടയണമെന്ന തങ്ങളുടെ ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ എഫ്.എസ്. നരിമാനും കപില്‍ സിബലും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസവും ഇതേ ആവശ്യമുന്നയിച്ച് ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിഷേധിച്ചിരുന്നു.
അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ കഴിയുന്നതും വ്യാഴാഴ്ച രാവിലെ 10.30ന് മുമ്പുതന്നെ സീല്‍ചെയ്ത കവറില്‍ ഹാജരാക്കാന്‍ അരുണാചല്‍ പ്രദേശ് അസംബ്ളി സെക്രട്ടറിക്കും ഗുവാഹതി ഹൈകോടതി രജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തെന്നും വ്യാഴാഴ്ച രാവിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നടപടി. കേസ് വീണ്ടും ഇന്ന് പരിഗണിക്കും.
അയോഗ്യരാക്കിയ ഭരണകക്ഷിയിലെ പടലപ്പിണക്കങ്ങളും കൂറുമാറ്റവും മൂലം താളംതെറ്റിയിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ 26 മുതല്‍ രാഷ്ട്രപതിഭരണമാണ്. ഇതിനെതിരെ വിവിധ കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിലവിലെ അവസ്ഥ തുടരണമെന്ന കോണ്‍ഗ്രസിന്‍െറ ആവശ്യം തള്ളിയ കോടതി ഇടക്കാല ഉത്തരവുകള്‍ക്ക് കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ഇതോടെ, ബി.ജെ.പി പിന്തുണയോടെ വിമത കോണ്‍ഗ്രസ് നേതാവ് കലിഖോ പുലിന്‍െറ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് സാധ്യത തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.