പീറ്റര്‍ മുഖര്‍ജിയെ രക്ഷിക്കാന്‍ ശ്രമിച്ച ഐ.പി.എസുകാരന്‍ സാക്ഷിപ്പട്ടികയില്‍
text_fieldsമുംബൈ: ഷീന ബോറ കേസിലെ സാക്ഷിപ്പട്ടികയില്‍ പീറ്റര്‍ മുഖര്‍ജിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്ന മുംബൈ പൊലീസിലെ ഉന്നതനും. പീറ്റര്‍ മുഖര്‍ജിക്ക് എതിരെ ചൊവ്വാഴ്ച സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിലാണ് പൊലീസിലെ ഉന്നതന്‍െറ പേരുള്ളത്. ഷീന ബോറയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കാനുള്ള രാഹുല്‍ മുഖര്‍ജിയുടെ ശ്രമം വിഫലമാക്കിയതിനു പിന്നിലും ഇന്ദ്രാണി അറസ്റ്റിലായപ്പോള്‍ പീറ്ററിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ശ്രമിച്ചതിനു പിന്നിലും ഈ ഉദ്യോഗസ്ഥനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഷീനയെ കാണാതായ സമയത്ത് സഹായം തേടി പീറ്ററും ഇന്ദ്രാണിയും പലകുറി ഈ ഉദ്യോഗസ്ഥനെ സമീപിച്ചിരുന്നു. അന്ന് നവിമുംബൈ പരിസരത്ത് ഷീനയുടെ മൊബൈലുള്ളതായി ഐ.പി.എസുകാരന്‍ പറയുകയും ചെയ്തു. ഷീന ബോറ കേസന്വേഷണം ഇന്ദ്രാണിയില്‍ മാത്രമായി ഒതുക്കാമെന്ന് ഈ ഉദ്യോഗസ്ഥന്‍ പീറ്ററിന് വാക്കുകൊടുത്തതായാണ് സി.ബി.ഐ പറയുന്നത്. കേസ് ആദ്യം അന്വേഷിച്ചത് മുംബൈ പൊലീസ് പരിധിയിലെ ഖാര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരായിരുന്നു. അന്ന് മുംബൈ പൊലീസ് കമീഷണര്‍ രാകേശ് മാരിയ കേസില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുകയും ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുകയും ചെയ്തു. പീറ്ററെ ചോദ്യംചെയ്യാത്തത് വിവാദമായതോടെ ഏഴു തവണചോദ്യം ചെയ്തു. ഏഴാമത്തെ തവണ പീറ്റര്‍ ഉദ്യോഗസ്ഥനുമായുള്ള ബന്ധം വെളിപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാല്‍, അടുത്ത ദിവസം രാകേശ് മാരിയയെ കമീഷണര്‍ പദവിയില്‍നിന്ന് മാറ്റുകയും അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.