ജെ.എന്‍.യു വിഡിയോ: ഫോറന്‍സിക് പരിശോധനക്ക് ഉത്തരവ്
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തുന്നതിന് തെളിവായി പരിഗണിച്ച വിഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഡല്‍ഹിസര്‍ക്കാര്‍ പരിശോധിക്കുന്നു.
ജെ.എന്‍.യുവിലെ വിവാദ പരിപാടികളുടേത് എന്നപേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഞ്ചു വിഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിട്ടു. ഡല്‍ഹിയിലെ പ്രമുഖ ലാബില്‍ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കും. കാമ്പസില്‍ നടന്ന ചടങ്ങിനെയും ഉയര്‍ന്ന മുദ്രാവാക്യങ്ങളെയും കുറിച്ച് മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഡല്‍ഹിസര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നും കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു എന്നുമാണ് ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇവ വ്യാജവും ശബ്ദവും ദൃശ്യവും എഡിറ്റ് ചെയ്ത് ചേര്‍ത്തതുമാണെന്ന് കഴിഞ്ഞദിവസം ടി.വി ടുഡേ ചാനല്‍ തെളിവുസഹിതം വെളിപ്പെടുത്തി.
ദാരിദ്ര്യത്തില്‍നിന്നും വര്‍ഗീയതയില്‍നിന്നും ജാതീയതയില്‍നിന്നും ‘ആസാദി’ (മോചനം) വേണം എന്നാണ് കനയ്യയും മറ്റു വിദ്യാര്‍ഥികളും മുഴക്കുന്ന മുദ്രാവാക്യം. ഇതിനിടെ, മറ്റു മുദ്രാവാക്യങ്ങള്‍ എഡിറ്റുചെയ്ത് ചേര്‍ത്താണ് ചാനലുകളും സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും പ്രചരിപ്പിച്ചത് എന്നാണ് ടി.വി ടുഡേ വ്യക്തമാക്കിയത്. ഓഡിയോ ഫയലുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് ആദ്യഘട്ട പരിശോധനയില്‍ ബോധ്യമായെന്ന് ചാനലിനുവേണ്ടി വിഡിയോ പരിശോധിച്ച സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധര്‍ വെളിപ്പെടുത്തി.
ശബ്ദസാമ്പിളും രംഗങ്ങളും ഒന്നൊന്നായി പരിശോധിച്ചാണ് ഇത് ബോധ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. വ്യാജ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.