ജാട്ട് പ്രക്ഷോഭം: ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; സമരക്കാരുമായി ചര്‍ച്ച
text_fieldsന്യൂഡല്‍ഹി: ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. 80 പേര്‍ക്ക് പരിക്കേറ്റു. വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചും സുരക്ഷാ സൈനികരെ രംഗത്തിറക്കിയും സംഘര്‍ഷത്തിന് അയവു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സമരനേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ഡല്‍ഹിയില്‍ രാജ് നാഥ് സിങ്ങിന്‍െറ വസതിയിലാണ് യോഗം നടക്കുന്നത്.
പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജാട്ട് സമുദായത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണ ആനുകൂല്യങ്ങള്‍ നല്‍കുക എന്ന ആവശ്യമുന്നയിച്ച് ഫെബ്രുവരി 15നാണ് സമരം ആരംഭിച്ചത്.
പ്രതിഷേധക്കാര്‍ വൈദ്യുതി നിലയത്തിന് തീവെക്കുകയും സൈനിക ക്യാമ്പ് അക്രമിക്കുകയും ചെയ്തു. സൈനികര്‍ നടത്തിയ വെടിവെപ്പിൽ ഒരാള്‍ സംഭവ സ്ഥലത്തും ആറു പേര്‍ ആശുപത്രിയിലും മരിച്ചു. സോനിപട്ട്, റോഹ്തക്, ഗോഹാന, ജജ്ജാര്‍, ബിവാനി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രക്ഷോഭകര്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി. ഗതാഗതം താറുമാറായതോടെ ഹരിയാന ഒറ്റപ്പെട്ടിരിക്കുകയാണ്. 800ഓളം ട്രെയിന്‍ സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഗുഡ്ഗാവ്, മനേസര്‍ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
പ്രവേശന കവാടങ്ങളെല്ലാം പ്രക്ഷോഭകര്‍ തടഞ്ഞതോടെ ഹെലികോപ്റ്റര്‍ വഴിയാണ് സൈനികര്‍ സംഘര്‍ഷ ബാധിത പ്രദേശമായ രോഹ്തകില്‍ എത്തിയത്. അതേ സമയം സംഘര്‍ഷം വ്യാപിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ യുവാക്കളോട് ഹരിയാന പൊലീസ് മേധാവി യഷ്പാല്‍ സിങ് ആവിശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, മനോഹര്‍ പരീകര്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ വസതിയില്‍ യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. വിഷയം കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. ജാട്ട് സമുദായം പാര്‍ട്ടിക്കെതിരെ തിരിയുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന അങ്കലാപ്പ് ബി.ജെ.പി നേതൃത്വത്തിനുണ്ട്. ആവശ്യം അംഗീകരിക്കുന്നുവെന്നും സംവരണം അനുവദിക്കുന്നതിന് പോംവഴി കണ്ടത്തെുന്നതുവരെ സാവകാശം അനുവദിക്കണമെന്നുമാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, സര്‍ക്കാറില്‍നിന്ന് രേഖാമൂലം ഉറപ്പു കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പൊതുജാതി വിഭാഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താമെന്നും ഈ വിഭാഗത്തില്‍ പെടുന്നവരുടെ സംവരണ ക്വാട്ട 10ല്‍നിന്ന് 20 ശതമാനമാക്കുമെന്നുമുള്ള വാഗ്ദാനം ജാട്ട് സമരക്കാര്‍ തള്ളിയിട്ടുണ്ട്. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയില്‍ ഇടം കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. അതില്ലെങ്കില്‍ കേന്ദ്ര സര്‍വീസില്‍ ഉദ്യോഗ സംവരണം ലഭിക്കില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.