കൊടിമരം: കേന്ദ്രസര്‍വകലാശാല ചെലവാക്കേണ്ടത് 45 ലക്ഷം
text_fieldsന്യൂഡല്‍ഹി: ദേശീയത വിലമതിക്കാനാകാത്ത വികാരമാണെങ്കിലും അതിന്‍െറ സംരക്ഷണത്തിന് കേന്ദ്ര സര്‍വകലാശാലകള്‍ വലിയ ‘വില’ നല്‍കേണ്ടിവരും. ജെ.എന്‍.യു വിഷയത്തില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ പ്രതിഷേധം പടരുന്നതിനിടെയാണ് വിദ്യാര്‍ഥികളെ ദേശീയതയെക്കുറിച്ച് ബോധവാന്മാരാക്കാന്‍ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉത്തരവിട്ടത്. 207 അടി ഉയരത്തില്‍ കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്താനായിരുന്നു മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം. ഇതിന് ഒരു സര്‍വകലാശാല 40-45 ലക്ഷം രൂപ ചെലവാക്കേണ്ടിവരും. കൂടാതെ, അറ്റകുറ്റപ്പണിക്ക് പ്രതിമാസം 65,000 രൂപ വേറെയും വേണ്ടിവരുമെന്ന് ഫ്ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സി.ഇ.ഒ കമാന്‍ഡര്‍ കെ.വി. സിങ് പറയുന്നു. രാജ്യത്ത് 46 കേന്ദ്ര സര്‍വകലാശാലകളാണുള്ളത്.സര്‍വകലാശാല കാമ്പസിന്‍െറ കേന്ദ്രസ്ഥാനത്താണ് ദേശീയപതാക സ്ഥാപിക്കേണ്ടതെന്ന് ഇതുസംബന്ധിച്ച നിര്‍ദേശത്തില്‍ പറയുന്നു. ഡല്‍ഹി കൊണാട്ട്പ്ളേസിലുള്ള ഭീമന്‍ പതാക പോലുള്ളവ വേണമെന്നും നിര്‍ദേശമുയര്‍ന്നു.
2014ല്‍ കൊണാട്ട്പ്ളേസില്‍ 207 അടി ഉയരത്തില്‍ കൊടിമരം സ്ഥാപിക്കാന്‍ 40 ലക്ഷം രൂപയാണ് ചെലവായതെന്ന് സിങ് പറഞ്ഞു. ദേശീയ സ്മാരകങ്ങളില്‍ സ്ഥാപിക്കുന്ന കൊടിമരത്തിന് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഉരുക്കുസ്തൂപങ്ങളാണ് ഉപയോഗിക്കുന്നത്. ഫ്ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് പ്രധാന സ്ഥാനങ്ങളില്‍ ദേശീയപതാക സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. ഹരിയാനയിലെ കൈതാലിലാണ് 207 അടി ഉയരത്തില്‍ ആദ്യപതാക സ്ഥാപിച്ചത്. ബജാജ് ഇലക്ട്രിക്കല്‍സ് ട്രാന്‍സ് ഇന്ത്യയാണ് ഇത്തരം സ്തൂപങ്ങള്‍ നിര്‍മിക്കുന്നത്. മുംബൈയിലാണ് പോളിസ്റ്റര്‍ പതാക നിര്‍മിക്കുന്നത്. 60 അടി വീതിയും 90 അടി നീളവുമുള്ള പതാകക്ക് 35 കിലോ ഭാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.