തമിഴകത്ത് രാഷ്ട്രീയ ചാഞ്ചാട്ടം; വിജയകാന്തിന് പ്രതിപക്ഷ പദവി നഷ്ടമായി
text_fieldsചെന്നൈ: തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ക്ക് പേരുകേട്ട തമിഴകത്ത് ചാക്കിട്ടുപിടിത്തവും കാലുമാറ്റവും തുടങ്ങി. ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ), പാട്ടാളി മക്കള്‍ കക്ഷി, പുതിയ തമിഴകം പാര്‍ട്ടികളിലെ 10 വിമതര്‍ നിയമസഭാംഗത്വം രാജിവെച്ച് മുഖ്യമന്ത്രി ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.ഡി.കെയിലെ എട്ടുപേരും പി.എം.കെ, പുതിയ തമിഴകം പാര്‍ട്ടികളിലെ ഓരോ അംഗവുമാണ് സ്പീക്കര്‍ പി. ധനപാലന് ഞായറാഴ്ച രാജി നല്‍കിയത്. രാജിവിവരം സ്പീക്കറാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്പീക്കര്‍ രാജി അംഗീകരിച്ചു. ഡി.എം.ഡി.കെയുടെ അംഗബലം ഇരുപതായി ചുരുങ്ങിയതോടെ നിയമസഭാ പ്രതിപക്ഷ സ്ഥാനം പാര്‍ട്ടി അധ്യക്ഷന്‍കൂടിയായ വിജയകാന്തിന് നഷ്ടപ്പെട്ടു. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാന്‍ 24 അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ ഒരു കക്ഷിക്കും ഒറ്റക്ക് ഇത്രയും അംഗങ്ങളില്ല. അവസാന സമ്മേളനം കഴിഞ്ഞ് സഭ കഴിഞ്ഞ ദിവസം പിരിയുകയും ചെയ്തു. ഡി.എം.കെക്ക് 23 അംഗങ്ങളാണുള്ളത്. ഇടതുപക്ഷം ഉള്‍പ്പെടെ എട്ട് പാര്‍ട്ടികളടങ്ങിയ ഡി.എം.കെ സഖ്യം 31 സീറ്റില്‍ വിജയിച്ചെങ്കിലും പിന്നീട് സഖ്യം പൊളിഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതക്കൊപ്പമായിരുന്ന വിജയകാന്തിന് 29 അംഗങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ബന്ധം വേര്‍പെട്ട് വിജയകാന്ത് പ്രതിപക്ഷ നേതാവായി. ഒരു കൂട്ടം പാര്‍ട്ടി എം.എല്‍.എമാര്‍ പരസ്യമായി ജയലളിതക്ക് പിന്തുണ അറിയിച്ചു. സഭാസമ്മേളനങ്ങളില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ അനുമതി തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.