അഫ്സൽ ഗുരുവിനെതിരായ വിധി തെറ്റാണെന്ന് പറയുന്നത് രാജ്യദ്രോഹമല്ല -സോളി സോറാബ്ജി
text_fieldsന്യൂഡല്‍ഹി: അഫ്സല്‍ ഗുരുവിനെതിരായ വിധി തെറ്റാണെന്നും അഫ്സലിന് നീതി ലഭിച്ചില്ലെന്ന് വിശ്വസിക്കാനും പറയാനും ഒരാള്‍ക്ക് അവകാശമുണ്ടെന്നും അങ്ങിനെ പറയുന്നത് രാജ്യദ്രോഹമല്ലെന്നും പ്രമുഖ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ സോളി സോറാബ്ജി. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിന് നീതി ലഭിച്ചുവെന്നു തന്നെയാണ് താന്‍ കരുതുന്നത്. മറിച്ച് വിശ്വസിക്കുന്നത് ശരിയല്ലെങ്കില്‍ തന്നെ അത് രാജ്യദ്രോഹമല്ലെന്ന് സോളി സോറാബ്ജി വ്യക്തമാക്കി.
എന്നാല്‍, രാജ്യദ്രോഹത്തിന്‍െറ പേരില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ജയിലിലടക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതിലേറെ ഖേദകരം പ്രതികളെ കൈയേറ്റം ചെയ്യുന്ന അഭിഭാഷകരുടെ നടപടിയാണ്. കനയ്യ കുമാര്‍ രാജ്യദ്രോഹകരമായ പ്രസംഗം നടത്തിയെങ്കില്‍ തീര്‍ച്ചയായും താന്‍ അതിനോട് വിയോജിക്കും. എന്നാല്‍, അയാള്‍ക്ക് നീതി തേടാനുള്ള അവകാശമുണ്ട്. അഭിഭാഷകന്‍െറ സേവനം തേടാനും അര്‍ഹതയുണ്ട്.
കറുത്ത ഗൗണിട്ടതുകൊണ്ട് അഭിഭാഷകനാവുന്നില്ല. പട്യാല കോടതിയിലെ അഭിഭാഷകര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറിയത്. അഭിഭാഷക സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കുന്ന കാര്യമാണ് അവര്‍ ചെയ്തത്. അതുകൊണ്ടാണ് കനയ്യകുമാറിന്‍െറ കേസ് താന്‍ ഏറ്റെടുത്തതെന്നും സോളി സോറാബ്ജി ദ ക്വിന്‍റ് ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ പ്രസംഗിക്കുന്നത് എങ്ങിനെയാണ് രാജ്യദ്രോഹമാവുകയെന്ന് സോളി സോറാബ്ജി ചോദിച്ചു. രാജ്യദ്രോഹം എന്താണെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ യില്‍ വ്യക്തമായി പറയുന്നുണ്ട്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് രാജ്യദ്രോഹം. എന്നാല്‍, സര്‍ക്കാരിനെയോ ഭരണകൂടത്തേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രസംഗമോ പ്രവര്‍ത്തിയോ അക്രമത്തിന് പ്രോല്‍സാഹനം നല്‍കുമ്പോഴാണ് രാജ്യദ്രോഹമാകുന്നത്.
എന്താണ് രാജ്യദ്രോഹമെന്നും രാജ്യസ്നേഹമെന്നും ദേശീയതയെന്നും അക്രമികളായ ഈ അഭിഭാഷകരെ സുപ്രീം കോടതി പഠിപ്പിച്ചുകൊടുക്കണമെന്ന് സോറാബ്ജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.