കനയ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsന്യൂഡല്‍ഹി: ദേശദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു സ്റ്റുഡൻറ്സ് യൂനിയന്‍ നേതാവ് കനയ്യ കുമാറിന്‍െറ ജാമ്യഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചാണ് ചൊവ്വാഴ്ച രാവിലെ ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ക്കുമെന്ന് ഡല്‍ഹി പൊലീസിന്‍െറ അഭിഭാഷകന്‍ അഡ്വ. ശൈലേന്ദ്ര ബബ്ബാര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.
കനയ്യക്ക് ജാമ്യം നല്‍കുന്നതിന് എതിരല്ലെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്നും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കണമെന്നാണ് ഡല്‍ഹി പൊലീസില്‍നിന്ന് തനിക്ക് ലഭിച്ച നിര്‍ദേശമെന്നും ബബ്ബാര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയില്‍ നേരിട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതിയിലേക്ക് മാറ്റിയിട്ടും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കനയ്യയുടെ ജാമ്യാപേക്ഷയിന്മേലുള്ള വാദം കേള്‍ക്കലിനെ സ്വാധീനിക്കുമെന്നതിനാൽ പട്യാല ഹൗസ് കോടതി ആക്രമണത്തെക്കുറിച്ചുള്ള സുപ്രീംകോടതി കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് സുപ്രീംകോടതി മുമ്പാകെ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍, ഈ വാദത്തോട് പ്രതികരിക്കാതിരുന്ന ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും എ.എം. സപ്രെയും റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന വാദം അംഗീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം പരസ്യപ്പെടുത്താന്‍ കോടതി അനുമതി നല്‍കി.
കസ്റ്റഡി നീട്ടിക്കിട്ടുന്നതിനായി ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹജരാക്കിയ വേളയിലാണ് അഭിഭാഷകർ കനയ്യയെയും മാധ്യമ പ്രവർത്തകരെയും വിദ്യാർഥികളെയും ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.