ഹിന്ദുത്വ ബന്ധമുള്ള ഗ്രൂപിന്‍റെ സംഭാവന യു.എസ് സര്‍വകലാശാല നിരസിച്ചു
text_fieldsന്യൂഡല്‍ഹി: ഹിന്ദുത്വ ഗ്രൂപുമായി ബന്ധമുള്ള സംഘടനയുടെ മുപ്പത് ലക്ഷം ഡോളര്‍ സംഭാവന നിരസിക്കാന്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ തീരുമാനം. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മൂന്നു മാസത്തോളമായി നടത്തിവരുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ഇത്.
ഇന്ത്യയിലെ ആര്‍.എസ്.എസുമായി ബന്ധമുള്ള 'ധര്‍മ സിവിലൈസഷേന്‍ ഫൗണ്ടേഷന്‍' കാലിഫോര്‍ണിയ സര്‍വകലാശാലയുമായി കഴിഞ്ഞ വര്‍ഷം കരാരില്‍ ഏര്‍പ്പെട്ടിരുന്നു. വേദിക്-ഇന്ത്യന്‍ നാഗരികതകള്‍, മോഡേണ്‍ ഇന്ത്യ,ജൈനിസം,സിക്കിസം എന്നിങ്ങനെ നാലു ചെയറുകള്‍ ആരംഭിക്കുവാനും സംഭാവന ഫൗണ്ടേഷന്‍ നല്‍കുമെന്നും കരാറില്‍ പറയുന്നു. ചെയറുകള്‍ ഈ വിഷയങ്ങളില്‍ ഗവേഷണവും ക്ളാസുകളും സംഘടിപ്പിക്കണം, ഓരോ ചെയറിനും അഞ്ച് വര്‍ഷത്തിനുള്ളില്‍ 105 മില്യന്‍ ഡോളര്‍ വീതം ഈ ഫൗണ്ടേഷന്‍ സംഭാവന നല്‍കുമെന്നുമായിരുന്നു മറ്റ് വ്യവസ്ഥകള്‍.
എന്നാല്‍, സര്‍വകലാശാലയുടെ ദക്ഷിണേഷ്യന്‍ പ്രതിനിധികളുമായി യാതൊരു വിധ കൂടിയാലോചനയും നടത്താതെയായിരുന്നു ഇതെന്ന് കരാരില്‍ ഒപ്പിട്ട് മാസങ്ങള്‍ക്കു ശേഷം കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഫാക്കല്‍റ്റി മനസ്സിലാക്കി. കരാറില്‍ ഏര്‍പെടുന്നതിനു മുമ്പ് കാര്യക്ഷമമായ കൂടിയാലോചന നടത്താത്തതിലും സുതാര്യമില്ലായ്മയിലും പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും വിദ്യാര്‍ഥികളും സമരം നടത്തിവരികയായിരുന്നു.
ഇതേതുടര്‍ന്ന് കരാര്‍ പുന:പരിശോധിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായി. ഇതിനായി ഒരു പാനലിനെ നിയോഗിക്കുകയും ചെയ്തു. വേദിക് ആന്‍റ് ഇന്ത്യന്‍ സിവിലൈസേഷന്‍ സ്റ്റഡീസ്, മോഡേണ്‍ ഇന്ത്യ സ്റ്റഡീസ് എന്നീ ചെയറുകള്‍ പാനല്‍ നിരസിച്ചു. ജൈനിസം, സിഖ് പഠന ചെയറുകള്‍ക്കുള്ള ശിപാര്‍ശ കൂടി പുന:പരിശോധിക്കാനിരിക്കുകയാണ് പാനല്‍.
ജെ.എന്‍.യു സര്‍വകലാശാലക്കു നേരെ നടന്നുവരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി ആണ് ഒരു വിദേശ സര്‍വകലാശാല ഹിന്ദുത്വ ബന്ധമുള്ള ഫണ്ട് നിരസിക്കാന്‍ തുനിഞ്ഞിരിക്കുന്നത്. സ്ക്രോള്‍.ഇന്‍ വെബ്സൈറ്റ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.