കര്‍ണാടക ജില്ലാ പഞ്ചായത്ത്-താലൂക്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നേറ്റം
text_fieldsബംഗളൂരു: കര്‍ണാടകയിലെ ജില്ലാ പഞ്ചായത്ത്-താലൂക്ക് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 30 ജില്ലാപഞ്ചായത്തുകളില്‍ 11 ഇടത്ത് കോണ്‍ഗ്രസ് ഭരണം പിടിച്ചു. ബി.ജെ.പി എട്ട് ജില്ലകളിലും ജനതാദള്‍ (എസ്) രണ്ട് ജില്ലകളിലും മുന്നിലെത്തി. ഒമ്പത് ജില്ലാപഞ്ചായത്തുകളില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ല. ഇതില്‍ അധികം ജില്ലാപഞ്ചായത്തുകളിലും കുറഞ്ഞ സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം നഷ്ടമായത്.
2011ല്‍ നാലു ജില്ലാ പഞ്ചായത്തുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസ്, ഏഴ് ജില്ലകളില്‍കൂടി വ്യക്തമായ മേധാവിത്തം പുലര്‍ത്തിയാണ് ഇത്തവണ 11 ജില്ലകളില്‍ അധികാരത്തിലെത്തിയത്. 2011ല്‍ 12 ജില്ലാ പഞ്ചായത്തുകള്‍ ഭരിച്ച ബി.ജെ.പിക്ക് നാല് ജില്ലകള്‍ നഷ്ടപെട്ടു. നാലുജില്ലകളില്‍ അധികാരത്തിലിരുന്ന ജെ.ഡി.എസിന് രണ്ട് ജില്ലകള്‍ നഷ്ടപ്പെട്ടു.
ജില്ലാപഞ്ചായത്തുകളിലെ 1083 സീറ്റുകളില്‍ 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പി 408 സീറ്റുകളിലും ജെ.ഡി.എസ് 148 സീറ്റുകളിലും ജയംകണ്ടു. സി.പി.എം, ജെ.ഡി.യു പാര്‍ട്ടികള്‍ ഓരോ സീറ്റുകള്‍ നേടി. ജില്ലാ പഞ്ചായത്തുകളിലേക്ക് സ്വതന്ത്രരായി നിന്ന 27 പേരാണ് വിജയിച്ചത്.
175 താലൂക്കുകളില്‍ ഫലം പുറത്തുവന്ന 60 ഇടത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തി. ബി.ജെ.പി 53, ജെ.ഡി.എസ് 21 എന്നിങ്ങനെ താലൂക്കുകള്‍ ലഭിച്ചു. 39 ഇടത്ത് ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. താലൂക്കുകളിലെ 3884 സീറ്റുകളില്‍ 1705 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പി-1362, ജെ.ഡി.എസ്-610, ബി.എസ്.പി-അഞ്ച്, സി.പി.എം-ആറ്, ജെ.ഡി.യു-ഒമ്പത് എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ വിജയം. താലൂക്ക്തല മത്സരത്തില്‍ 179 സ്വതന്ത്രരും വിജയിച്ചു.
ഫെബ്രുവരി13, 20 എന്നിങ്ങനെ രണ്ടുഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 17,000ത്തിനടുത്ത് പേര്‍ മത്സരരംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.