രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചത് കേന്ദ്രമന്ത്രിമാർ- കെജ്രിവാൾ
text_fieldsന്യുഡൽഹി: രാജ്യത്തെ വിദ്യാർത്ഥികളുമായി യുദ്ധം ചെയ്യുന്ന സർക്കാറാണ് നിലവിലുള്ളതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എൻ.യു സംഭവം എന്നിവയുടെ പശ്ചാത്തലത്തിൽ ജന്തർമന്തറിൽ ചേർന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചത് കേന്ദ്രമന്ത്രിമാരാണെന്നും കെജ്രിവാൾ പറഞ്ഞു. ജെ.എൻ.യു സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻറ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിന് പിന്തുണയുമായി കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. 'ചലോ ദില്ലി' എന്നു പേരിട്ട പ്രതിഷേധ പരിപാടിയിൽ രോഹിത് വെമുലയുടെ കുടുംബവും പങ്കെടുത്തു.
ത്രിവർണ്ണ, നീല, ചുവപ്പ് പതാകകൾ വഹിച്ചുകൊണ്ട് വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും ഏകദേശം ഒരു കിലോമീറ്റർ ദൂരം മാർച്ച് നടത്തിയാണ് സമരകേന്ദ്രമായ ജന്ദർമന്ദറിലേക്ക് എത്തിയത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും ഇവരോടൊപ്പം ചേർന്നു. രോഹിതിൻെറ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും വിദ്യാർത്ഥികളുമായി സംസാരിക്കാനും ജന്ദർ മന്ദറിൽ പോകുമെന്ന് കെജ്രിവാൾ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം അവസാനിപ്പിക്കാൻ 'രോഹിത് ആക്ട്' എന്ന പേരിൽ നിയമനിർമാണം ആവശ്യപ്പെട്ട് മാർച്ചിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ എന്നിവർക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യയിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.