ആര്‍.എസ്.എസിനെ എതിര്‍ക്കുന്നത് രാജ്യദ്രോഹമോയെന്ന് പ്രതിപക്ഷം
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു, രോഹിത് വെമുല വിഷയത്തില്‍ ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ആരോപണപ്രത്യാരോപണങ്ങള്‍ ആവര്‍ത്തിച്ച ചര്‍ച്ച പലകുറി ബഹളത്തില്‍ മുങ്ങി. ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയത്തിന് എതിരുനില്‍ക്കുന്ന ദലിത്, പിന്നാക്ക വിദ്യാര്‍ഥികളെ വേട്ടയാടുകയാണ് മോദി സര്‍ക്കാറെന്നും രോഹിത് വെമുല ജീവനൊടുക്കേണ്ടിവന്നതും ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പേരില്‍ രാജ്യദ്രോഹം ചുമത്തിയതും ഒടുവിലെ ഉദാഹരണമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. രോഹിത് വെമുലയുടെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷം ജെ.എന്‍.യുവില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷിക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തിന്‍െറ പ്രത്യാക്രമണം.
കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ എം.പിമാര്‍ ആഞ്ഞടിച്ചപ്പോള്‍ അതിവൈകാരികമായി കണ്ഠമിടറിയാണ് അഭിനേതാവുകൂടിയായ മന്ത്രി സ്മൃതി ഇറാനി മറുപടി നല്‍കിയത്. മറുപടി തൃപ്തികരമല്ളെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇറങ്ങിപ്പോക്ക് നടത്തി. അഭിപ്രായസ്വാതന്ത്ര്യത്തിന് അതിരുണ്ടെന്നും അത് ലംഘിക്കുന്നവര്‍ക്ക് മാപ്പില്ളെന്നും ചര്‍ച്ചക്ക് മറുപടിയായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യദ്രോഹത്തിന് കേസെടുത്തത് പൊലീസാണ്. ഞങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ദേശദ്രോഹം നിലനില്‍ക്കുമോ, ഇല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ. നിരപരാധികളായ ആരെയും ദ്രോഹിക്കില്ളെന്ന് ഉറപ്പുനല്‍കുന്നു. പട്യാല ഹൗസ് കോടതിയില്‍ നടന്ന സംഭവത്തില്‍ പൊലീസ് നടപടിയെടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും രാജ്നാഥ് തുടര്‍ന്നു.
ആര്‍.എസ്.എസിനെതിരെ പറയുകയെന്നത് രാജ്യദ്രോഹമായാണ് മോദി സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അത് അംഗീകരിക്കില്ളെന്നും ചര്‍ച്ചക്ക് തുടക്കംകുറിച്ച കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. ആര്‍.എസ്.എസിന്‍െറ സവര്‍ണ രാഷ്ട്രീയം തിരിച്ചറിഞ്ഞ് വിളിച്ചുപറഞ്ഞതിനാണ് രോഹിത് വെമുലക്ക് ജീവന്‍ വെടിയേണ്ടിവന്നത്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റാണെന്ന് പറയുന്ന പി.ഡി.പിയോടൊപ്പം കശ്മീരില്‍ ഭരണം പങ്കുവെച്ചവരാണ് അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങിന്‍െറ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത്. പാരഡി ട്വീറ്റ് വിശ്വസിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികളെ പാക് തീവ്രവാദികളുമായി ബന്ധിപ്പിച്ച മന്ത്രി രാജ്നാഥ് രാജ്യത്തെ നാണംകെടുത്തിയെന്നും സിന്ധ്യ കുറ്റപ്പെടുത്തി.
രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയംകളിക്കുകയാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. തനിക്ക് കിട്ടുന്ന നടപടികളില്‍ രാഷ്ട്രീയം നോക്കാതെയാണ് നടപടിയെടുത്തിട്ടുള്ളത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കത്ത് അനുസരിച്ച് ഇടപെടല്‍ നടത്തിയിട്ടുണ്ട്. രോഹിത് വെമുലക്കെതിരെ നടപടിയെടുക്കാന്‍ കത്തെഴുതിയെന്ന് പറഞ്ഞ് തനിക്കെതിരെ തിരിയുന്നവര്‍ ഇക്കാര്യവും അറിയണം.
യു.പി.എ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരാണ് പല സര്‍വകലാശാലകളിലും ഇപ്പോഴുമുള്ളത്. കാവിവത്കരണത്തിനുവേണ്ടി താന്‍ സമ്മര്‍ദം ചെലുത്തി എന്ന് ഇവരില്‍ ആരെങ്കിലും ആരോപിച്ചാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തും. ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളി ഉണ്ടായെന്ന് യൂനിവേഴ്സിറ്റി സുരക്ഷാവിഭാഗത്തിന്‍െറ റിപ്പോര്‍ട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ട കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഫാക്കല്‍റ്റി കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധപ്രവര്‍ത്തനം തടയാന്‍ ഇടപെടുകയല്ലാതെ സര്‍ക്കാര്‍ മറ്റൊന്നും ചെയ്തിട്ടില്ളെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ ടി.എം.സി, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് സംഭവം വഷളാക്കിയെന്ന് ബി.ജെ.ഡി കുറ്റപ്പെടുത്തി. ശിവസേന സര്‍ക്കാര്‍ നടപടിയെ ശക്തമായി ന്യായീകരിച്ചു. അതേസമയം, എന്‍.ഡി.എ ഘടകകക്ഷിയായ ടി.ഡി.പി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ അനുകൂലിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.