പട്യാല ഹൗസ് ആക്രമണ കേസ്: കേന്ദ്രത്തിനും മൂന്ന് അഭിഭാഷകര്‍ക്കും നോട്ടീസ്
text_fieldsന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ ആക്രമണം അഴിച്ചുവിട്ട സംഭവം പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷക കാമിനി ജയ്സ്വാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ വിമുഖതകാണിച്ച സുപ്രീംകോടതി ഒടുവില്‍ വഴങ്ങി. ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും എ.എം. സപ്രെയുമടങ്ങുന്ന ബെഞ്ച് കേന്ദ്രസര്‍ക്കാറിനും ആക്രമണത്തിന് നേതൃത്വംനല്‍കിയ അഭിഭാഷകരായ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ എന്നിവര്‍ക്കും നോട്ടീസ് അയച്ചു.
ഇതേ വിഷയത്തില്‍ ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ഥി സമര്‍പ്പിച്ച ഹരജിയുമായി മുന്നോട്ടുപോകുന്നതിനിടെ ഇത്തരമൊരു കേസുകൂടി വേണോയെന്ന് ചോദിച്ച് ബെഞ്ച് തടസ്സവാദമുന്നയിച്ചു. എന്നാല്‍, മുന്‍ ഹരജി ഫെബ്രുവരി 15ലെ ആക്രമണം സംബന്ധിച്ച് മാത്രമാണെന്നും അതിലുംവലിയ അതിക്രമവും കോടതിയലക്ഷ്യവും നടന്നത് ഫെബ്രുവരി 17നാണെന്നും കാമിനി ജയ്സ്വാളിനുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. രണ്ട് ആക്രമണങ്ങളും പ്രതിപാദിക്കുന്ന ഈ ഹരജി സമഗ്രമാണ്. കോടതി ഉത്തരവ് നിലനില്‍ക്കേയാണ് രണ്ടാമത്തെ ആക്രമണം നടന്നത്.
ഈ ഹരജിയുംകൂടി കേള്‍ക്കുന്നതില്‍ എന്താണ് അപകടമെന്നുകൂടി അഡ്വ. ഭൂഷണ്‍ ചോദിച്ചു. സുപ്രീംകോടതിയുടെ കേസ് പട്ടികയിലേക്ക് ഇതുകൂടി ചേര്‍ക്കപ്പെടുമെന്നതുതന്നെയാണ് അപകടമെന്ന് ചിരിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍ മറുപടിനല്‍കി. ചില അഭിഭാഷകരും പ്രശാന്ത് ഭൂഷണിനെതിരെ രംഗത്തുവന്നു. മുന്‍ സുപ്രീംകോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയതിന് കോടതിയലക്ഷ്യ കേസ് നേരിടുന്നയാളാണ് ഭൂഷണ്‍ എന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, കേസില്‍ കക്ഷി ചേരാത്തവരെ കേള്‍ക്കില്ളെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഇതിനോട് പ്രതികരിച്ചു. അഭിഭാഷകരുടെ ഒളികാമറാ ദൃശ്യം ഇന്ത്യാ ടുഡെ ചാനല്‍ പുറത്തുവിട്ടതിന്‍െറ ക്ളിപ്പിങ്ങുകളുമായിട്ടാണ് കാമിനി ജയ്സ്വാള്‍ വന്നത്.
ആക്രമണത്തിന് ഡല്‍ഹി പൊലീസ് സഹായംചെയ്തുതന്നൂവെന്നും പൊലീസ് കസ്റ്റഡിയിലേറ്റ മര്‍ദനത്തിന്‍െറ ആഘാതത്തില്‍ കനയ്യ വസ്ത്രത്തില്‍ മൂത്രമൊഴിച്ചൂവെന്നും അഭിഭാഷകര്‍ പറയുന്നതാണ് ഒളികാമറയിലെടുത്തത്. ഫെബ്രുവരി 15നും 17നും നടന്ന ആക്രമണങ്ങളില്‍ ഡല്‍ഹി പൊലീസിന്‍െറ ഭാഗത്തു നിന്നുണ്ടായ അലംഭാവവും അഡ്വ. പ്രശാന്ത് ഭൂഷണിനുവേണ്ടി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.