ഡൽഹി വാഹനനിയന്ത്രണം പ്രാബല്യത്തിൽ
text_fieldsന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഡൽഹി സർക്കാർ ആവിഷ്ക്കരിച്ച ഒറ്റയക്ക-ഇരട്ടയക്ക നമ്പർ വാഹന നിയന്ത്രണം പുതുവർഷദിനമായ ഇന്ന് നിലവിൽ വന്നു. ഇതുപ്രകാരം ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ ഒറ്റയക്കത്തിലുള്ള തീയതികളിലും അല്ലാത്തവ ഇരട്ടയക്ക തീയതികളിലുമാണ് ഓടേണ്ടത്. ഞായറാഴ്ച നിയന്ത്രണമില്ല. പരീക്ഷണ അടിസ്ഥാനത്തില്‍ ഇങ്ങനെ ജനുവരി 15 വരെ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരിക്കും നിയന്ത്രണമേർപ്പെടുത്തുന്നത്.
ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളെ നിയന്ത്രണം ബാധിക്കില്ല. ഇരുചക്രവാഹനങ്ങള്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ ഓടിക്കുന്ന വാഹനങ്ങൾ, ആംബുലന്‍സ്, പൊലീസ്, ജയില്‍ എന്നീ വാഹനങ്ങള്‍ക്ക് ഇളവുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈകോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ലഫ്. ഗവര്‍ണര്‍, മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഡല്‍ഹി മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് ഇളവില്ല.
ഡല്‍ഹിയില്‍ 85 ലക്ഷം വാഹനങ്ങൾ നിരത്തിലുണ്ടെന്നാണ് കണക്ക്. ദിവസവും 1400 വാഹനങ്ങള്‍ പുതുതായി ഇറങ്ങുകയും ചെയ്യുന്നു. ഒറ്റയക്ക-ഇരട്ടയക്ക നമ്പർ നിയന്ത്രണത്തിലൂടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറക്കാൻ സർക്കാർ ശ്രമിക്കുന്നത്. പകുതി കാറുകള്‍ക്ക് മാത്രമേ നിരത്തിലിറങ്ങാനാവൂ. ദിവസം പത്തു ലക്ഷം വാഹനങ്ങളുടെ കുറവ് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.