ഡി.ഡി.സി.എ അഴിമതി ആരോപണം പാർട്ടിക്കെതിരല്ല –കീർത്തി ആസാദ്
text_fieldsന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പാർട്ടിക്കെതിരല്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.പി. കീർത്തി ആസാദ്. പാർട്ടി അച്ചടക്കം എന്നത് ഉപയോഗിച്ച് അരുൺ ജയ്റ്റ്ലിക്ക് ആരോപണങ്ങളെ പ്രതിരോധിക്കാനാവില്ലെന്നും ആസാദ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് നൽകിയ മറുപടിയിലാണ് ആസാദ് നിലപാട് വ്യക്തമാക്കിയത്. അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അത് തെളിയിക്കാനുള്ള നാല് വിഡിയോകൾ തെൻറ പക്കലുണ്ടെന്നും ആസാദ് മറുപടി നൽകി.
ഡൽഹി ക്രിക്കറ്റ് അസോസിയേഷെൻറ പ്രസിഡൻറ് ആയിരുന്ന അരുൺ ജെയ്റ്റ്ലിയെ പ്രതിക്കൂട്ടിലാക്കി അഴിമതി ആരോപണം ഉന്നയിച്ചതിനാണ് കീര്‍ത്തി ആസാദിനെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം കീര്‍ത്തി ആസാദിന് നോട്ടീസ് അയച്ചിരുന്നു.
കാരണം കാണിക്കൽ നോട്ടീസിന് മൂന്ന് പേജിലുള്ള വിശദമായ മറുപടിയാണ് കീർത്തി ആസാദ് നൽകിയത്. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിെൻറ ഭാഗങ്ങളും മറുപടിയോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിസംബർ 20 ന് നടത്തിയ പത്രസമ്മേളനത്തിൽ അരുൺ ജെയ്റ്റ്ലിയുടെയോ മറ്റ് ബിെജപി നേതാക്കളുടെയോ പേര് പരാമർശിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അച്ചടക്കം ലംഘിക്കുകയോ ചെയ്തിട്ടില്ലെന്നും ആസാദ് മറുപടിയിൽ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധമാണ്. ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് പൊതു വേദികളിൽ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ടില്ല. പാർട്ടി വേദികൾക്ക് പുറത്ത് അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയോ നേതൃത്വത്തെ കുറ്റപ്പെടുത്തുകയോ ചെയ്തതിന് തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാനും ആസാദ് ആവശ്യപ്പെട്ടു. 22 വർഷമായി പാർട്ടിയോട് കൂറു പുലർത്തുന്ന സേവകനാണെന്നും ഇതുവെര പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും ആസാദ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.